Kerala NewsLatest News

അവന്‍ ചെയ്യുന്നില്ല, ഇവന്‍ ചെയ്യുന്നില്ലായെന്ന് പറഞ്ഞാല്‍ മരിച്ചു പോകും; വികാരഭരിതനായി ഡോ: അഷീല്‍

രാജ്യത്തെ കൊവിഡ്-19 വ്യാപനത്തില്‍ ജനങ്ങളുടെ നിസ്സഹകരണത്തിനെതിരെ ഡോ.മുഹമ്മദ് അഷീല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ പത്തും പതിനാലും മണിക്കൂര്‍ ചത്ത് പണിയെടുക്കുകയാണെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തത് അത്തരമൊരു സാഹചര്യം കേരളത്തിലില്ല എന്നത് കൊണ്ടല്ലെന്നും അഷീല്‍ പറഞ്ഞു. വളരെ വൈകാരികമായാണ് അഷീല്‍ ലൈവില്‍ വന്നത്.

ഡോ: മുഹമ്മദ് അഷീലിന്റെ വാക്കുകള്‍

ഇന്നലെ മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഫോണ്‍കോളുകള്‍ വന്നു. മുമ്പ് നിശ്ചയിച്ച പരിപാടികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ബാധകമാണോ, മാറ്റി വെക്കേണ്ടി വരുമോ തുടങ്ങിയ ചോദ്യങ്ങളാണ് ചോദിക്കുന്നത്. ദയവ് ചെയ്ത് ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണം. ഭയങ്കര ഇറിട്ടേഷന്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊരു സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യവും നാടും കടന്നുപോകുന്നതെന്ന് അല്‍പ്പമെങ്കിലും ബോധം വേണ്ടെ ആളുകള്‍ക്ക്. പറയാതിരിക്കാന്‍ പറ്റാത്തതുകൊണ്ടാണ്.

കേരളത്തില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 250 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഓക്‌സിജന്‍ ആവശ്യത്തിലധികം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. രണ്ടര ഇരട്ടിയായി രോഗികള്‍. വെന്റിലേറ്റര്‍ ഇരട്ടിപ്പിച്ചാലും അത് മതിയാവില്ല. ലോകത്ത് എന്താണ് നടക്കുന്നതെന്ന് നോക്ക്. ഉത്തരേന്ത്യയില്‍ ശവസംസ്‌കാരത്തിനായി മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്. അവിടേത്ത് നമ്മള്‍ പോകില്ലായെന്ന് പറയാന്‍ കഴിയില്ല. അവിടുത്തേക്കാള്‍ കൂടുതല്‍ ജനസാന്ദ്രതയും, ഡയബറ്റിക് രോഗികളും വയോധികരും ഉള്ള സംസ്ഥാനമാണ് കേരളം. ആ നാട്ടിലാണ് നില്‍ക്കുന്നത്. ആരോഗ്യസംവിധാനം എത്രത്തോളം വര്‍ധിപ്പിച്ചാലും എന്താണ് ചെയ്യാന്‍ കഴിയുക. ആ സമയത്ത് വിളിച്ചിട്ട് കല്യാണത്തിന് ആളെ കൂട്ടിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ചോദിച്ചാല്‍ എന്തായിരിക്കും സ്ഥിതി. കല്യാണം മാറ്റിവെക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഓണ്‍ലൈനായി നടത്തുക. അതും അല്ലെങ്കില്‍ രണ്ടാളെ വെച്ചു നടത്തുക. ഓരോ ആളെ കൂട്ടുമ്പോഴും റിസ്‌ക് കൂടിയാണ് നിങ്ങള്‍ ഉയര്‍ത്തുന്നത്. നിയമനടപടി വരുമോയെന്നാണ് എല്ലാവര്‍ക്കും പേടി. ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് നടത്തുന്നത് കേമത്തരമാണോ, സ്വയം ഒഴിവാക്കാനാണ് എല്ലാവരും നോക്കുക.

രണ്ടരലക്ഷം ആക്ടീവ് കേസുള്ള നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന വര്‍ക്ക് ലോഡിനെകുറിച്ച് ആലോചിച്ചിട്ടുണ്ടോ. എന്തെങ്കിലും സംഭവിച്ചാല്‍ അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ എവിടെയെന്നാണ് ചോദിക്കുന്നത്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ചത്ത് കിടന്ന് പണിയെടുക്കുകയാണ്. പതിനാല് മണിക്കൂറും പണിയെടുക്കുകയാണ്. ആ സമയത്ത് കല്യാണത്തിന് ആളുകളെ കുട്ടുമോയെന്ന് ചോദിച്ചാല്‍ ഭ്രാന്താവും.

എന്താണ് ചെയ്യേണ്ടതെന്ന് സ്വയം തീരുമാനിക്കുക. ആരെയാണ് പറ്റിക്കുന്നത്. കേരളത്തില്‍ കുറേപേര്‍ മരിക്കുന്നത് കൊണ്ട് ഞങ്ങളുടെ ശമ്പളം കുറയില്ല. പക്ഷെ ഈ സംവിധാനങ്ങളെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മരണസാധ്യത കുറക്കാനല്ലേ. ഏത് ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കുക. മരിക്കാതിരിക്കാനും കൊല്ലാതിരിക്കാനുമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അവന്‍ ചെയ്യുന്നില്ല, ഇവന്‍ ചെയ്യുന്നില്ലായെന്ന് പറഞ്ഞാല്‍ മരിച്ചു പോകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button