ഡോളർ കടത്ത്: രാജ്യദ്രോഹ കുറ്റം നടത്തിയ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേർക്കും സ്പീക്കർക്കും ഡോളർകടത്തിൽ പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം അതീവ ഗുരുതരമാണെന്നും രാജ്യദ്രോഹക്കുറ്റം നടത്തിയ ഇവരെ അടിയന്തരമായി ചോദ്യം ചെയ്യണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
സ്വർണ്ണക്കടത്തിന്റെയും ഡോളർക്കടത്തിന്റെയും മുഖ്യസൂത്രധാരൻ മുഖ്യമന്ത്രിയാണെന്നും താൻ ഇത്രയും നാൾ ഉന്നയിച്ച ആരോപണങ്ങൾ ഓരോന്നും ശരിവയ്ക്കുന്നതാണ് കസ്റ്റംസിന്റെ സത്യവാങ്മൂലമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞ്. ആരോപണ വിധേയനായ വ്യക്തി മുഖ്യമന്ത്രി പദവിയിൽ തുടരുന്നത് ഉചിതമല്ലെന്ന് അദ്ദേഹം അറിയിച്ചു.
ആരോപണ വിധേയരെ പുറത്താക്കാൻ ഗവർണ്ണർ തയ്യാറാകണം. സ്വപ്നയെ രക്ഷപ്പെടുത്താനും കേസ് ഇല്ലാതാക്കാനും മുഖ്യമന്ത്രി ശ്രമിച്ചതിന്റെ ചേതോവികാരം അന്വേഷണം തന്നിലേക്കെത്തുമെന്ന ഭയംകൊണ്ടാണ്. ഇത്രയേറെ ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിട്ടും ശക്തമായ തെളിവ് ശേഖരിക്കാനോ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതുവരെ തയ്യാറാകാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരു പങ്കുമില്ലെന്ന് വരുത്തിതീർക്കാനാണ് സിപിഎം ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ പേരിൽ കുറ്റംചാർത്തി രക്ഷപ്പെടാനായിരുന്നു ശ്രമം. പത്താംക്ലാസ് പാസ്സായ സ്വപ്‌നയ്ക്ക് എങ്ങനെയാണ് ഉയർന്ന ശമ്പളത്തിൽ സർക്കാർ ജോലി കിട്ടിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കൂടിയാണ് കസ്റ്റംസിന്റെ സത്യവാങ്മൂലം.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറിന്റെയും പങ്ക് വ്യക്തമായ സാഹചര്യത്തിൽ ഇവർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽകുമാർ അറിയിച്ചു. മാർച്ച് 6ന് രാവിലെ ഡിസിസി തലത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും വൈകുന്നേരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും.