അണക്കപ്പാറ റെയ്ഡ്; അന്വേഷണ സംഘത്തിനെതിരെ കള്ളക്കേസിന് നീക്കം
പാലക്കാട്: അണക്കപ്പാറ വ്യാജ കള്ള് നിര്‍മാണ റെയ്ഡില്‍ അന്വേഷണ സംഘത്തിനെതിരെ കള്ളക്കേസ് നീക്കമെന്ന് ആരോപണം. വ്യാജ കള്ള് ലോബിയും എക്സൈസിലെ ഒരു വിഭാഗവും ചേര്‍ന്ന് പതിമൂന്ന് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായതോടെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ കള്ളക്കേസിന് നീക്കം നടത്തുന്നത്.
കള്ളുവണ്ടി ഡ്രൈവറെ ഇതിനായി കരുവാക്കുന്നുവെന്നാണ് വിവരം. അണക്കപ്പാറ റെയ്ഡുമായി ബന്ധപ്പെട്ട് ഉന്നതരടക്കം പതിമൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയ എക്സൈസ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ്, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എന്നിവര്‍ക്കെതിരെ കരുനീക്കം ശക്തമായത്.
അതേസമയം കേസ് അന്വേഷണത്തിനിടെ കഴിഞ്ഞ ഏഴാം തിയതി മപടപ്പലൂര് എന്ന സ്ഥലത്ത് വച്ച് കള്ളുവണ്ടി ഡ്രൈവറെ ക്രൈംബ്രാഞ്ച് സംഘം മര്‍ദിച്ചു എന്നാണ് ആരോപണം. സ്പിരിറ്റ് ശേഖരണത്തെ കുറിച്ചുള്ള ചോദ്യം ചെയ്യലിനിടെ മര്‍ദിച്ചുവെന്നായിരുന്നു പരാതി. നിലവില്‍ സംഭവം കെട്ടിച്ചമച്ചതാണെന്നും വ്യാജ കള്ള് ഇടപാടിനെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരം നീക്കമെന്നുമാണ് വിവരം.
ഈ കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം നടക്കുന്നത് കള്ളുകേസില് കൂട്ട സസ്പെന്ഷന് ഉണ്ടായതോടെയാണ് .അതേസമയം കേസില്‍ മുഖ്യപ്രതി സോമശേഖരന്‍ നായരുടെ റിമാന്‍ഡ് കാലാവധി പതിനാല് ദിവസം കൂടി നീട്ടി.അതേസമയം മുന്‍കൂര്‍ ജാമ്യം തേടി ഒളിവിലുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.