പമ്പാനദി കരകവിഞ്ഞു; തീര്‍ഥാടകരെ തടഞ്ഞു

ശബരിമല: തുടര്‍ച്ചയായി പെയ്ത മഴയില്‍ അപ്രതീക്ഷിതമായി പമ്പാനദി കരകവിഞ്ഞു. ആറാട്ടുകടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തീര്‍ഥാടകരെ ഒരു മണിക്കൂറിലേറെ പമ്പയില്‍ തടഞ്ഞു നിര്‍ത്തി. വൈകിട്ട് 4.30നാണ് ഇടിയോടു കൂടി ശക്തമായ മഴ തുടങ്ങിയത്. പമ്പ ഗവ ആശുപത്രിക്ക് സമീപമുള്ള ഗണപതി കോവിലിന്റെ പടിക്കെട്ട് വരെ വെള്ളം എത്തി.
ത്രിവേണി ചെറിയ പാലം വഴി തീര്‍ഥാടകര്‍ ഗണപതി കോവില്‍ ഭാഗത്തേക്ക് പോകുന്ന വഴി മുഴുവന്‍ വെള്ളം കയറിയതോടെയാണ് അയ്യപ്പന്മാരെ തടഞ്ഞത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയവരെ പോലീസ് സഹായത്തോടെയാണ് മറുകര എത്തിച്ചത്. രാത്രി 7.50 ആയപ്പോഴേക്കും പ്രളയജലം ഇറങ്ങിത്തുടങ്ങി. തുടര്‍ന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ എഡിഎം അര്ജുന് പാണ്ഡ്യന് പോലീസിനു നിര്‍ദേശം നല്കി.
ഇടുക്കി ജില്ലയിലെ ഉറുമ്പിക്കരയില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ടെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. രാത്രി എട്ടോടെയാണു വെള്ളമുയര്‍ന്നു തുടങ്ങിയത്. കനത്ത മഴയാണു കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളില്‍ പെയ്തത്. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സംഘങ്ങള്‍ കൂട്ടിക്കലില്‍ എത്തിയിട്ടുണ്ട്. കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മണിമലയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പറഞ്ഞു.