വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍. കെ.എസ്.എഫ്.ഇയില്‍ നിന്ന് ഹോം ലോണ്‍ ശരിയാക്കി നല്‍കാമെന്നു് പറഞ്ഞ് വീട്ടമ്മയുടെ വസ്തു ജാമ്യം വെച്ചാണ് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കൈപ്പുറത്ത് വീട്ടില്‍ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട് തോട്ടരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ മിനിയെയാണ് പ്രതികള്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. 2017 മുതലാണ് തട്ടിപ്പിന്റെ ആരംഭം. കെ.എസ്.എഫ്.ഇ ഏജന്റുമാരെന്ന് പരിചയപ്പെടുത്തി ഹോം ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വസ്തുവിന്റെ രേഖകള്‍ കൈവശപ്പെടുത്തി.
പിന്നീട് പ്രതികള്‍ കെ.എസ്.എഫ്.ഇ മെഡിക്കല്‍ കോളജ് ബ്രാഞ്ചില്‍ വീട്ടമ്മ അറിയാതെ ചിട്ടികള്‍ പിടിക്കുന്നതിന് ജാമ്യം വെച്ചാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. 2019 ല്‍ തട്ടിപ്പു മനസ്സിലാക്കിയ വീട്ടമ്മ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതികളെക്കുറിച്ച് കഴക്കൂട്ടം സൈബര്‍ സിറ്റി എ.സി.പി ഹരികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.