കോണ്‍ഗ്രസിന്റെ കഴിവുകേടില്‍ വളരുന്നത് മോദി: മമത ബാനര്‍ജി
പനാജി: കോണ്‍ഗ്രസിന്റെ കഴിവുകേടും പിന്തിരിപ്പന്‍ പ്രവണതയും കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ശക്തനാകുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസിന്റെ വിഡ്ഢിത്തം കാരണമാണ് മോദിക്ക് ആള്‍ബലം കൂടുന്നത് എന്നും മമത പറഞ്ഞു. ഗോവ സന്ദര്‍ശനത്തിനിടെയാണ് ബംഗാള്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസിന് ഇപ്പോള്‍ രാഷട്രീയത്തില്‍ താത്പര്യമില്ലാതായിരിക്കുന്നു. മോദി ഇനിയും കൂടുതല്‍ ശക്തനാകും. ഒരു പാര്‍ട്ടിക്ക് ഭരിക്കാനുളള കഴിവില്ലെന്ന് പറഞ്ഞ് ആ രാജ്യത്തെ ജനങ്ങള്‍ അതിന്റെ വിപരീത ഫലം അനുഭവിക്കേണ്ട ആവശ്യമില്ല. കോണ്‍ഗ്രസിന് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അന്ന് ബിജെപിയെ കീഴ്പ്പെടുത്തുന്നതിന് പകരം തന്നെ പരാജയപ്പെടുത്താന്‍ തന്റെ സ്വന്തം നാട്ടിലേക്ക് വരകിയാണ് കോണ്‍ഗ്രസ് ചെയ്തത് എന്നും മമത കുറ്റപ്പെടുത്തി.
ഗോവയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമത. ഗോവ ഫോര്‍വേഡ് പാര്‍ട്ടി പ്രസിഡന്റ് വിജയ് സര്‍ദേശായിയുമായി മമത കൂടിക്കാഴ്ച നടത്തി. ഗോവയില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് ബിജെപിക്കെതിരെ മത്സരിക്കാനാണ് മമതയുടെ തീരുമാനം. ഇതിനായി കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ക്ഷണിക്കുന്നുവെന്ന് മമത അറിയിച്ചു. പ്രാദേശിക പാര്‍ട്ടികള്‍ ഇനിയും കൂടുതല്‍ ശക്തരാകണമെന്നും മമത പറഞ്ഞു.