സോഷ്യല്‍ മീഡിയ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾ ഹാജരാകാൻ പാർലമെന്ററി സമിതി

ന്യൂഡല്‍ഹി/വാട്സ്ആപ്പിന്റെ സേവന നിബന്ധനകളിലും പുതിയ സ്വകാര്യതാനയത്തിലും ആശങ്ക ഉയർന്നതിനു പിറകെ മാതൃ കമ്പനിയായ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും പാർലമെന്ററി സമിതി വിളിച്ചുവരുത്താൻ തീരുമാനിച്ചു. ട്വിറ്ററിനും ഫേസ്ബുക്കിനും സമിതി ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. ഫേസ്ബുക്ക് ട്വിറ്റർ പ്രതിനിധികളോട് പാർലമെന്ററി സമിതിക്ക് മുമ്പാകെ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്.
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ ഐ ടി പാര്‍ലമെന്ററി സമിതിയാണ് ജനുവരി 21 ന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ സമിതി ആവശ്യപ്പെടും. പൗരന്മാരുടെ സ്വകാര്യത, വാർത്താ പോർട്ടലുകളുടെ ദുരുപയോഗം തടയുക, ഡിജിറ്റൽ ഇടത്തിലെ സ്ത്രീ സുരക്ഷ എന്നിവ ചർച്ച ചെയ്യാനാണ് സമിതിയുടെ നോട്ടീസ്.
വിവര സ്വകാര്യതയുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾക്കിടയാണ് ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ സമൻസ് എന്നതാണ് ശ്രദ്ധേയം. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച വിഷയത്തില്‍ കഴിഞ്ഞ ഒക്ടോബറിൽ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്ലാറ്റ്ഫോമുകളിലെ ഉദ്യോഗസ്ഥരെ സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ വിളിച്ചിരുന്നു.