നാദാപുരത്ത് 16 വയസുകാരന്റെ മരണം; ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ വഴിത്തിരിവ്, സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസ് (16) മരിച്ച സംഭവം വഴിത്തിരിവിൽ. അസീസിനെ സഹോദരൻ മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യം പുറത്തായതോടെ നാട്ടുകാർ രാത്രി വീടു വളഞ്ഞു. സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്.
ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിൽ കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറൽ എസ്പിയുടെ നിർദ്ദേശാനുസരണമാണ് പുനരന്വേഷണം.
ഒരു വർഷം മുൻപ് 2020 മെയ് 17 നാണ് അസീസ് മരണപ്പെടുന്നത്. അസീസിനെ അടിച്ച ജ്യേഷ്ഠൻ ഇപ്പോൾ വിദേശത്താണ്. പുതിയ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. വീട്ടുകാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടിയേറ്റതിനെ തുടർന്നാണ് മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചിരുന്നു. എന്നാൽ കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അസീസിന്റേത് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ചതാണ്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.
വിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. നാദാപുരത്തെ ടാക്സി ഡ്രൈവർ അഷ്റഫിന്റെ മകനാണ് അബ്ദുൽ അസീസ്. പതിനഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തുന്നതിന് നേതൃത്വം കൊടുത്ത വരെയും വീഡിയോ ചിത്രീകരിച്ചവരെയും കൊലപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.