പെരിയകൊലകേസ്;കേസ് ഡയറി നല്‍കില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ

തിരുവനന്തപുരം: പെരിയകൊലക്കേസിന്റെ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നല്കി. സിഐആര്‍പിസി 91 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
സിഐആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. കേസ് ഡയറി കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപേക്ഷ നല്‍കിയത്.
പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
2019 ഫെബ്രുവരി 17നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്ബോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.