പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നേരിൽ കണ്ട് മുഖ്യമന്ത്രി; സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികളും വികസന ആവശ്യങ്ങളും അറിയിച്ചു

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികളും വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നേരിൽ കണ്ട് വിശദീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെ നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വയനാട് പുനരധിവാസത്തിനായി എൻഡിആർഎഫിൽ നിന്ന് ₹2221 കോടി ഗ്രാന്റ് അനുവദിക്കണം, സംസ്ഥാനത്തിന്റെ കടമെടുപ്പ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് 0.5 ശതമാനം അധികമായി കടമെടുക്കാൻ അനുമതി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.
നെല്ല് സംഭരണത്തിലെ കുടിശിക തുക അടിയന്തിരമായി അനുവദിക്കണമെന്നും, അതിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടതായും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ധന ഞെരുക്കം പരിഹരിക്കാൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സംസ്ഥാനത്തിന് ₹9765 കോടി ജിഎസ്ടി വരുമാനനഷ്ടവും ₹5200 കോടി കടമെടുപ്പ് പരിധിയിലും കുറവുമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
താൽക്കാലിക ആശ്വാസമായി മുമ്പത്തെ കടമെടുപ്പ് പരിധി പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയുടെ ആവശ്യം.
അതേസമയം, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി പിണറായി പറഞ്ഞു. ദേശീയപാതാ വികസനത്തിൽ കേരളം സ്വീകരിക്കുന്ന നടപടികളെ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അഭിനന്ദിച്ചു. NH 66-ന്റെ എല്ലാ റീച്ചുകളുടെയും നിർമ്മാണം ഡിസംബറോടെ പൂർത്തിയാക്കുമെന്നും, പ്രവൃത്തി പുരോഗതി വിലയിരുത്താൻ ഗഡ്കരി ഉടൻ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tag: CM meets Prime Minister and Union Ministers; apprises them of the state’s economic crisis and development needs