കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തരൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. 2011-15 കാലത്ത് യു.ഡി.എഫ് നോമിനിയായാണ് അബ്ദുള്‍ സലാം കാലിക്കറ്റ് വൈസ് ചാന്‍സിലറാവുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയത് ഈ നാല് വര്‍ഷത്തിനിടെയായിരുന്നു. വിദ്യാര്‍ഥി, അധ്യാപക, സര്‍വീസ് സംഘടനകള്‍ വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി എത്തിയിരുന്നു.
നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി വിവാദങ്ങളും ഇക്കാലയളവിലുണ്ടായി. അക്കാലത്ത് അബ്ദുള്‍ സലാമിന്റെ പേരിലുണ്ടായ വിജിലന്‍സ് കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അബ്ദുള്‍ സലാം വൈസ് ചാന്‍സിലറായിരിക്കെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയതും വിവാദമായിരുന്നു.
കേരളത്തില്‍ 115 സീറ്റുകളിലാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്. അവശേഷിക്കുന്ന 25 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടു കൊടുക്കും. അതേസമയം 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ഇന്ന് ഡല്‍ഹിയില്‍ നിന്നും പ്രഖ്യാപിച്ചത്.