ലോറി ഡ്രൈവര്‍ വഴി കൈക്കൂലി ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമം; ആള്‍ മാറി എത്തിയത് പോലീസിന്റെ കൈയ്യില്‍
പാലക്കാട്: വാളയാര്‍ മോട്ടര്‍ വാഹനവകുപ്പ് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ഏല്‍പിച്ചതെന്നു പറഞ്ഞു കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ പൊലീസിനു കൈമാറിയ പൊതിയില്‍ പണം.ഇത് കൈക്കൂലിയാണെന്ന സംശയത്തില്‍ 50,000 രൂപ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പണം കൈമാറിയവരെയും ഏറ്റുവാങ്ങാനിരുന്നവരെയും കണ്ടെത്താന്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് പിടിമുറുക്കിയതോടെ കൈക്കൂലിയായി കിട്ടുന്ന പണം അപ്പപ്പോള്‍ ലോറികളിലും മറ്റും കൈമാറുന്ന പുതിയ രീതി വ്യാപകമാകുന്നതായി സൂചനയുണ്ട്.. പണം ഏറ്റുവാങ്ങാന്‍ നിശ്ചിത കേന്ദ്രങ്ങളില്‍ അവരുടെ സ്വന്തം ആളുകളുണ്ടാകും. ഇവരുടെ നമ്പര്‍ ലോറി ഡ്രൈവറുടെ ഫോണില്‍ ഡയല്‍ ചെയ്തു കൊടുക്കും. പിന്നീട് ലോറിയും ഇതിലെ ജീവനക്കാരും ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷണത്തിലായിരിക്കും. ഇതിനാല്‍ ഇവരുടെ പരിധി വിട്ടു പണം നഷ്ടമാവില്ല. ഇത്തരത്തില്‍ പണമെത്തിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആള് മാറി പോലീസിന്റെ കയ്യില്‍ കൈക്കൂലി എത്തിയതെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയില്‍ മണപ്പുള്ളിക്കാവിനു സമീപം കണ്ടെയ്‌നര്‍ ലോറി നിര്‍ത്തി കവറുമായി ഡ്രൈവര്‍ പുറത്തു നില്‍ക്കുന്നതു കണ്ടാണു കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇവരെ കണ്ടതോടെ പൊതി വാങ്ങാനുള്ളവരാണെന്ന് ധാരണയില്‍ ഡ്രൈവര്‍ പൊതി കൈമാറി. എന്താണെന്ന ചോദ്യത്തിനു മരുന്നെന്നാണു തന്നോടു പറഞ്ഞതെന്നു ഡ്രൈവര്‍ വ്യക്തമാക്കുകയും ചെയ്തു. പൊതി പരിശോധിച്ചപ്പോഴാണു പൊലീസ് ഉദ്യോഗസ്ഥന് അത് പണമാണെന്നു വ്യക്തമായത്. തുടര്‍ന്നു സൗത്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിജു ടി. ഏബ്രഹാം സ്ഥലത്തെത്തി.
ഈ സമയം ഒരു കാര്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസിനെ കണ്ടതോടെ പെട്ടെന്നു തിരിച്ചു പോയി. പണം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി (1)ന് കൈമാറി. ലോറി ജീവനക്കാരെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വിട്ടയച്ചു.ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലിപ്പണം സുരക്ഷിതമായി കൈമാറാന്‍ ലോറി ഡ്രൈവറെ ഏല്‍പിക്കുകയും ഇത് ആളുമാറി പൊലീസിന്റെ കയ്യിലെത്തുകയുമായിരുന്നു എന്നാണു സൂചന.
കേസില്‍ തുടരന്വേഷണം ആരംഭിച്ചെന്നും അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം കണ്ടെത്തിയാല്‍ വിജിലന്‍സിനു കൈമാറുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ എം. മുഹമ്മദ്, സിപിഒ ജയമോഹന്‍, എന്‍. സായൂജ് എന്നിവരുടെ ഇടപെടലാണു പണം പിടികൂടാന്‍ സഹായിച്ചത്.