നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ. ഇതു സംബന്ധിച്ച് ഇയാൾ പ്രോസിക്യൂഷന് കത്ത് നൽകി. മധ്യസ്ഥ ശ്രമങ്ങളും ചർച്ചകളും ഒന്നും അംഗീകരിക്കില്ലെന്ന നിലപാടാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വധശിക്ഷ നീട്ടിവെച്ച് ഒന്നര മാസം കഴിഞ്ഞുവെന്ന കാര്യം കത്തിൽ ഓർമ്മിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തെ ചുറ്റിപ്പറ്റി തർക്കം ശക്തമാകുന്നു. വധശിക്ഷ റദ്ദാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് വ്യക്തമാക്കിയപ്പോൾ, ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
വധശിക്ഷ റദ്ദായെന്ന പ്രചാരണത്തിനെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ.എ. പോളും പ്രതികരിച്ചു. ഈ അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണം എന്നാണ് കെ.എ. പോളിന്റെ ആവശ്യം.
2017 ജൂലൈ 25-ന് യെമനിൽ നഴ്സായി ജോലി ചെയ്തുകൊണ്ടിരിക്കെ, സ്വന്തം ക്ലിനിക് തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് എത്തിയ യെമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷ പ്രിയ കൊലപ്പെടുത്തുകയായിരുന്നു. തലാൽ തന്റെ പാസ്പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നിമിഷ പ്രിയ പറഞ്ഞിരുന്നു. അമിതഡോസ് മരുന്നു കുത്തിവച്ചാണ് തലാലിനെ കൊലപ്പെടുത്തിയതെന്നും, തുടർന്ന് മൃതദേഹം വീടിന്റെ മേൽക്കൂരയിലെ ജലസംഭരണിയിൽ ഒളിപ്പിച്ചതുമാണ് കണ്ടെത്തിയത്.
Tag: Talal’s brother demands new date for Nimisha Priya’s execution