പാക് സഹായത്തോടെ പഞ്ച്ഷീറും പിടിച്ചെടുത്തു: അഫ്ഗാനില്‍ താലിബാന്‍ ഏകാധിപത്യം
കാബൂള്‍: പാക് വ്യോമസേനയുടെ സഹായത്തോടെ പഞ്ച്ഷീറും പിടിച്ചെടുത്ത് അഫ്ഗാനില്‍ താലിബാന്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. താഴ്വരയിലെ ഗവര്‍ണറുടെ ഓഫീസിന് പുറത്ത് താലിബാന്റെ കൊടി നാട്ടി.
അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തെങ്കിലും ബാലികേറാമലയായി തുടര്‍ന്ന പഞ്ച്ഷീര്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് താലിബന്‍ ഒടുവില്‍ പിടിച്ചെടുത്തത്. ദിവസങ്ങള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് പഞ്ച്ഷീറിന്റെ തലസ്ഥാനമായ ഖസാറക്കില്‍ താലിബാന്‍ പ്രവേശിച്ചത്.
വടക്കന്‍ സഖ്യത്തിന്റെ ശക്തികേന്ദ്രമാണ് പഞ്ച്ഷീര്‍ താഴ്വര. ഒരുശക്തിക്കു മുമ്പിലും കീഴടങ്ങാത്ത ചരിത്രമുള്ളവരാണ് വടക്കന്‍ സഖ്യത്തിന്റെ നേതാക്കള്‍. എന്നാല്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നുമുള്ള വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിന്റെ ആവശ്യം താലിബാന്‍ തള്ളി. വടക്കന്‍ സഖ്യത്തിന് കനത്ത നാശം വിതച്ചായിരുന്നു താലിബാന്റെ അവസാന നീക്കങ്ങള്‍.
പ്രമുഖരായ നേതാക്കളെല്ലാം കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. വക്താവ് ഫഹീം ദസ്തി, ഗുല്‍ ഹൈദര്‍ ഖാന്‍, മുനിബ് അമീരി, അഹമ്മദ് ഷാ മസൂദിന്റെ ബന്ധു വദൂദ് എന്നിവരെല്ലാം കൊല്ലപ്പെട്ടു. സൈന്യത്തിലെ പ്രധാനികള്‍ കൊല്ലപ്പെട്ടതോടെ വൈസ് പ്രസിഡന്റ് അംറുല്ല സാലെ അജ്ഞാത കേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടു. തജാക്കിസ്ഥാനിലേക്കാണ് സാലെ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പഞ്ച്ഷീര്‍ സ്വതന്ത്രമായി എന്നും അഫ്ഗാനിസ്ഥാന്‍ മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലായെന്നും എല്ലാവര്‍ക്കും സ്വതന്ത്ര്യത്തോടെ ജീവിക്കാമെന്നും താലിബാന്‍ നേതാവ് സബീഹുല്ലാ മുജാഹിദ് പ്രഖ്യാപിച്ചു. താലിബാന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പഞ്ച്ഷീര്‍ താഴ്വര പിടിച്ചതുമായി ബന്ധപ്പെട്ട വിവരണങ്ങളാല്‍ നിറയുകയാണ്. വാലിയിലെ ഗവര്‍ണറുടെ ഓഫീസിന് പുറത്ത് താലിബാന്റെ കൊടി നാട്ടിയ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു.
മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പഞ്ച്ഷീര്‍. ഇടുങ്ങിയ ഒരു വഴിയിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കാനാകുക. വ്യത്യസ്തമായ ഭൂപ്രദേശമായതിനാല്‍ ഇവരെ സൈനികമായി പരാജയപ്പെടുത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിരുന്നില്ല. അധിനിവേശ കാലത്ത് സോവിയറ്റ് സൈന്യം പഞ്ച്ഷീര്‍ താഴ്വര പിടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1996ല്‍ താലിബാന്‍ അധികാരത്തില്‍ വന്നപ്പോഴും ഇവരെ കീഴടക്കാന്‍ സാധിച്ചിരുന്നില്ല.
പക്ഷേ പഞ്ച്ഷീര്‍ താലിബാന്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പ്രതിരോധസേന നിഷേധിച്ചു.