കളി മറന്ന് സൂപ്പർകിങ്സ് ; ഡൽഹിക്ക് രണ്ടാം ജയം

മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്സിന് ഐ പി എല്ലിൽ തുടർച്ചയായ രണ്ടാം തോൽവി. ഡൽഹി കാപ്പിറ്റൽസിനോട് 44 റൺസിനാണ് ചെന്നൈ നിരുപാധികം കീഴടങ്ങിയത്. ഡൽഹി ഉയർത്തിയ 176 റൺസ് പിന്തുടർന്നിറങ്ങിയ ചെന്നൈക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉണർത്തിയില്ല.
176 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിലെ ഓപ്പണർമാരായ മുരളി വിജയ് (10), ഷെയ്ൻ വാട്ട്സൺ (14) എന്നിവരും റുതുരാജ് ഗെയ്ക്വാദും (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
പിന്നീട് ഫാഫ് ഡൂപ്ലെസിസും കേദാർ ജാദവും ചേർന്ന് നാലാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തിൽ നിന്ന് 26 റൺസെടുത്ത ജാദവിനെ വിക്കറ്റിനു മുന്നിൽ കുരുക്കി നോർഹെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
35 പന്തിൽ നിന്ന് നാലു ഫോറുകൾ സഹിതം 43 റൺസെടുത്ത ഡൂപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. മത്സരത്തിനിടെ താരം ഐ.പി.എല്ലിൽ 2000 റൺസ് തികയ്ക്കുകയും ചെയ്തു. ധോനി 12 പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 12 റൺസെടുത്തു. ഡൽഹിക്കാ
യി പന്തെടുത്തവരിൽ അവേശ് ഖാൻ ഒഴികെ
യുള്ളവരെല്ലാം റൺസ് കൊടുക്കുന്നതിൽ പിശുക്കുകാട്ടി. കാഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. ആന്റിച്ച് നോർഹെ രണ്ടു വിക്കറ്റെടുത്തു.
നേരത്തേ യുവതാരം പൃഥ്വി ഷായുടെ അർധ സെഞ്ച്വറി മികവിലാണ് ഡൽഹി കാപിറ്റൽസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തത്. 43 പന്തിൽ ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമായി 64 റൺസെടുത്ത പൃഥ്വിയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
ഒന്നാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം (35) പടുത്തുയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് ഡൽഹിക്ക് നട്ടെല്ലായത്. 27 പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 35 റൺസെടുത്ത ധവാനെ പിയുഷ് ചൗളയാണ് മടക്കിയത്.
പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ – ഋഷഭ് പന്ത് കൂട്ടുകെട്ട് ഡൽഹിയുടെ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 58 റൺസാണ് ഡൽഹി സ്കോർ ബോർഡിൽ ചേർത്തത്.
22 പന്തിൽ 26 റൺസെടുത്ത ശ്രേയസ് അയ്യരെ ഉഗ്രനൊരു ഡൈവിങ് ക്യാച്ചിലൂടെ ധോനി പുറത്താക്കുകയായിരുന്നു. 25 പന്തിൽ 37 റൺസെടുത്ത ഋഷഭ് പന്ത് പുറത്താകാതെ നിന്നു. തുടക്കത്തിൽ മികച്ച റൺറേറ്റ് നിലനിർത്തിയ ഡൽഹിയെ അവസാന ഒാവറുകളിൽ ചെന്നൈ ബൗളർമാർ പിടിച്ചുനിർത്തിയതാണ് കൂറ്റൻ സ്കോറിലെത്തിക്കാതിരുന്നത്. ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
ശനിയാഴ്ച്ച സൺറൈസേഴ്സ് ഹൈദ്രാബാദ് കൊൽക്കത്തയെ നേരിടും. ആദ്യ മത്സരം തോറ്റ ഇരു ടീമുകൾക്കും ഈ മത്സരം നിർണ്ണായകമാണ്.