“സനാതന ധർമ്മം” സംബന്ധിച്ച പരാമർശം; നടൻ കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി
നടൻ കമൽഹാസന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി. ഞായറാഴ്ച അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ, “സനാതന ധർമ്മം” സംബന്ധിച്ച കമൽഹാസന്റെ പരാമർശങ്ങൾക്കെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
പരിപാടിയിൽ കമൽഹാസൻ പറഞ്ഞത്, “രാഷ്ട്രത്തെ മാറ്റാൻ കഴിയുന്ന ഏക ശക്തി വിദ്യാഭ്യാസമാണ്. ഏകാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ പൊട്ടിക്കാൻ കഴിയുന്ന ഒരേയൊരു ആയുധം അത് തന്നെയാണ്,” എന്നായിരുന്നു. മെഡിക്കൽ പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷയായ നീറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് തടസ്സമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പ്രസ്താവനക്കെതിരെ പ്രതികരിച്ച തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി, “മുന്‍പ് സനാതനത്തെ എതിർത്തത് ഉദയനിധി സ്റ്റാലിൻ ആയിരുന്നു, ഇപ്പോൾ കമൽഹാസനാണ്. നമുക്ക് ഇവരെ പാഠം പഠിപ്പിക്കണം. കമലിന്റെ സിനിമകൾ തിയേറ്ററുകളിലും ഓടിടികളിലും പോലും കാണരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇങ്ങനെ ചെയ്താൽ അവർ ഇനിയും ഇത്തരം പ്രസ്താവനകൾ നടത്താൻ ധൈര്യപ്പെടില്ല,” എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
കമൽഹാസന്റെ പ്രസ്താവനയെ കുറിച്ച് പിന്തുണയും വിമർശനവും ഉയരുന്നു. തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റും നടിയുമായ ഖുശ്ബു, “വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സനാതനത്തെക്കുറിച്ച് പരാമർശിച്ചത് അനുചിതവും അനാവശ്യവുമാണ്,” എന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, ഡിഎംകെ വക്താവ് എ. ശരവണൻ കമൽഹാസനെ പിന്തുണച്ചു. “കമൽഹാസൻ പറയേണ്ടത് പറഞ്ഞിട്ടുണ്ട്. വലതുപക്ഷത്തിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് അവർക്ക് അദ്ദേഹത്തെ ആക്രമിക്കാൻ കഴിയാത്തത്,” എന്നും ശരവണൻ പറഞ്ഞു.
Tag: Tamil Nadu BJP demands boycott of actor Kamal Haasan’s films over reference to “Sanatana Dharma”