പ്രേക്ഷകരുടെ ടാര്സന് ഇനിയില്ല, വിമാനം തകര്‍ന്ന് ടാര്സന് നടന് ജോ ലാറയും ഡയറ്റ് ഗുരുവും ഭാര്യയും ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു
യുഎസ് നഗരമായ നാഷ്വില്ലിന് സമീപമുള്ള തടാകത്തില്‍ വിമാനം തകര്‍ന്ന് ടാര്സന് നടന് ജോ ലാറയും ഡയറ്റ് ഗുരു ഭാര്യയും ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ബിസിനസ് ജെറ്റ് തകര്‍ന്ന് അപകടമുണ്ടായത്. ഫ്ലോറിഡയിലെ പാം ബീച്ചിലേക്കുള്ള ടെന്നസി വിമാനത്താവളമായ സ്മിര്‍നയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്നതായി റഥര്‍ഫോര്‍ഡ് കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ (ആര്‍സിഎഫ്ആര്‍) ഫേസ്ബുക്കില്‍ കുറിച്ചു.
വിമാനം നാഷ്വില്ലില്‍ നിന്ന് 12 മൈല്‍ (19 കിലോമീറ്റര്‍) തെക്കായി പെര്‍സി പ്രീസ്റ്റ് തടാകത്തിലേക്ക് വീഴുകയായിരുന്നു. വിമാനത്തില്‍ ഏഴ് പേര് ഉണ്ടായിരുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് സ്ഥിരീകരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രിയോടെ അപകടത്തില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് ആര്‍സിഎഫ്ആര്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍ ക്യാപ്റ്റന്‍ ജോഷ്വ സാണ്ടേഴ്സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.