Latest NewsNationalNewsUncategorized

ഗൗരവമേറിയ കാഴ്ച, നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു; സമുദ്രത്തിലെ മാലിന്യങ്ങൾ വലിയ തോതിൽ മുംബൈ തീരത്തടിയുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാ മാറ്റങ്ങൾ മുംബൈ നഗരത്തെ വലിയ രീതിയിലാണ് ബാധിച്ചത്. അതിനിടെയാണ് ഒരു പ്രധാന കാഴ്ച എല്ലാരുടെയും ശ്രദ്ധയിൽപ്പെടുന്നത്. സമുദ്രത്തിൽ ഇത്രയും കാലമായി നിക്ഷേപിച്ച മാലിന്യമൊക്കെ കരയിലടിഞ്ഞു. ഇത് വളരെ ഗൗരവതരമായ കാഴ്ചയാണ് അത്.

ചുഴലിക്കാറ്റ് അടങ്ങിയതിന് ശേഷം നാല് വലിയ ട്രക്ക് മാലിന്യങ്ങൾ ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബി എം സി) ഔദ്യോഗിക വക്താവ് അറിയിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. “ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ഏതാനും കല്ലുകൾ ചുഴലിക്കാറ്റിന്റെ ആഘാതം മൂലം ഇളകിത്തെറിച്ചു പോയിട്ടുണ്ട്. ഒപ്പം അവിടത്തെ ഫുട്പാത്തിനും ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്,” എന്ന് മുൻസിപ്പൽ കോർപ്പറേഷന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ഈ സ്ഥലത്ത് ബാരിക്കേഡുകൾ വെച്ച്‌ ആളുകളുടെ പ്രവേശനം തടഞ്ഞതായും അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

മുംബൈ മേയർ കിഷോരി പട്നേക്കറും സംഭവസ്ഥലം സന്ദർശിക്കുകയും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്ത് ഉണ്ടായ കേടുപാടുകൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവിന് സമീപം കടലിൽ നിന്നുള്ള ടൺ കണക്കിന് മാലിന്യങ്ങളാണ് അടിഞ്ഞു കൂടിയതെന്ന് അദ്ദേഹം പറഞ്ഞു.

“ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പ്രധാന ഘടനയ്ക്ക് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. പക്ഷെ സമുദ്രത്തെ അഭിമുഖീകരിച്ച്‌ സ്ഥിതി ചെയ്യുന്ന സുരക്ഷാ മതിലിനും ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ഇരുമ്പ് തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടൽ തിരമാലകളുടെയും കാറ്റിന്റെയും ശക്തി മൂലം ചില കല്ലുകൾ ഇളകി അഞ്ച് മീറ്ററോളം അകലത്തിൽ തെറിച്ചു വീണിട്ടുണ്ട്,” പട്നേക്കർ പി ടി ഐയോട് പറഞ്ഞു.

ട്വിറ്ററിൽ നിരവധി ആളുകളാണ് ചുഴലിക്കാറ്റിനു ശേഷം മുംബൈയിൽ കടൽത്തീരങ്ങളിൽ മാലിന്യം അടിഞ്ഞു കൂടിയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “നിങ്ങൾ പ്രകൃതിയ്ക്ക് എന്താണോ നൽകിയത്, അത് പ്രകൃതിയും അതേ അളവിൽ തിരികെ നൽകുന്നു. സമുദ്രത്തിലെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ നദികളിലും കടലിലും മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ദയവായി ഉറപ്പു വരുത്തുക” എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് മാലിന്യക്കൂനയുടെ ചിത്രത്തിന് ക്യാപ്ഷ്യനായി എഴുതിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button