കഴക്കൂട്ടം ഒഴിച്ചിട്ടത് ശോഭയ്‌ക്ക് വേണ്ടിയോ? ചര്‍ച്ച പുരോഗമിക്കുന്നു

തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രനുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നു. കേന്ദ്രമന്ത്രി വി മുരളീധരന് പകരം കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയാരെന്ന് ബി ജെ പി അണികള്‍ക്കിടയില്‍ ഉദ്വേഗം നിറയുന്നതിനിടെയാണ് നിര്‍ണായക കൂടിക്കാഴ്‌ച നടക്കുന്നത്. ശോഭാ സുരേന്ദ്രന് വേണ്ടിയാണ് മണ്ഡലം ഒഴിച്ചിട്ടതെന്ന അഭ്യൂഹവുമുണ്ട്.
കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പളളിയുമാണ് ബി ജെ പി പട്ടികയില്‍ ഇന്നലെ ഒഴിച്ചിട്ടത്. കൊല്ലത്തും കരുനാഗപ്പളളിയിലും സ്ഥാനാര്‍ത്ഥിയെ തേടുകയാണെന്ന് പറയാമെങ്കിലും ബി ജെ പിയെ സംബന്ധിച്ച് കഴക്കൂട്ടം അങ്ങനെയല്ല. കഴിഞ്ഞ തവണ വി മുരളീധരന്‍ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം ബി ജെ പിയുടെ എ പ്ലസ് മണ്ഡലമാണ്.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ലാത്തതു കൊണ്ടാണ് പട്ടികയില്‍ ഉള്‍പ്പെടുത്താതെന്ന് ഇന്നലെ തന്നെ അഭ്യൂഹം ഉണ്ടായിരുന്നു. സാദ്ധ്യത പട്ടികയില്‍ ചാത്തന്നൂരില്‍ ശോഭയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പേരുണ്ടായിരുന്നില്ല. കെ സുരേന്ദ്രന്‍ രാജിഭീഷണി മുഴക്കിയാണ് പേര് ഒഴിവാക്കിച്ചതെന്ന് ശോഭാ സുരേന്ദ്രനുമായി ബന്ധമുളളവര്‍ ആക്ഷേപിക്കുന്നുണ്ട്.