മലയാളപ്പെരുമയിൽ 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങും.

ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ബുധനാഴ്ച ഉച്ചയോടെ മലയാളപ്പെരുമയിൽ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങും. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്കാണ് 5 റഫാൽ യുദ്ധവിമാനങ്ങളും എത്തുക. ചൊവാഴ്ച അബുദാബിയിലെ അൽദഫ്ര വ്യോമന താവളത്തിൽ എത്തിയ വിമാനങ്ങൾ രാവിലെയാണ് അവിടെ നിന്ന് പുറപ്പെടുക. പാക്ക് വ്യോമപാത ഒഴിവാക്കി സഞ്ചരിച്ചാണ് വിമങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നത്.
തിങ്കളാഴ്ച രാത്രി അബുദാബിയിലെത്തിയ വിമാനങ്ങൾ ചൊവ്വാഴ്ച അവിടെ തങ്ങി. അംബാലയിലെ 17–ാം സ്ക്വാഡ്രണിന്റെ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തിലുള്ള 7 പൈലറ്റുമാരാണ് വിമാനത്തിൽ ഉണ്ടാവുക. കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തുവച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. ബുധനാഴ്ച അംബാലയിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പം ചേരുന്ന ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങളാകും ഇന്ധനം നിറക്കുന്നത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ ബുധനാഴ്ച അംബാലയിലെത്തുന്നുണ്ട്. സ്വന്തം പേരു സൂചിപ്പിക്കുന്ന അക്ഷരങ്ങൾ രേഖപ്പെടുത്തിയ വിമാനങ്ങൾ സ്വീകരിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് അദ്ദേഹം. റഫാൽ കരാർ യാഥാർഥ്യമാക്കുന്നതിൽ ഭദൗരിയയുടെ പങ്കു കണക്കിലെടുത്ത് വിമാനത്തിന്റെ ടെയിൽ നമ്പറിൽ ഭദൗരിയയുടെ പേരിലെ രണ്ടക്ഷരങ്ങൾ ചേർത്ത് ‘ആർബി’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
മലയാളിപെരുമയിലാണ് 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തുന്നത് എന്ന പ്രത്യേകത എടുത്ത് പറയേണ്ടതാണ്. വിമങ്ങളുമായി എത്തുന്ന കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമിനു പുറമെ, റഫാൽ വിമാനങ്ങളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നതും മലയാളിയാണ്. പടിഞ്ഞാറൻ വ്യോമ കമാൻഡ് മേധാവിയും തിരുവനന്തപുരം സ്വദേശിയുമായ എയർ മാർഷൽ ബി.സുരേഷിന്റെ നേതൃത്വത്തിലാണ് പടിഞ്ഞാറൻ കമാൻഡിന്റെ കീഴിലുള്ള അംബാലയിൽ താവളം സജ്ജമാക്കിയിരിക്കുന്നത്. റഫാൽ വാങ്ങുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ സേന മുൻപു നടത്തിയ പരിശീലനപ്പറക്കലിനു നേതൃത്വം നൽകിയതും മലയാളിയുണ്ട്. പടിഞ്ഞാറൻ കമാൻഡ് മുൻ മേധാവിയും കണ്ണൂർ സ്വദേശിയുമായ എയർ മാർഷൽ (റിട്ട.) രഘുനാഥ് നമ്പ്യാർ ആണത്.