
സ്‌കൂളിൽ ക്ലാസ് സമയത്ത് ഫോണിൽ പാട്ടുവെച്ച് തലയിൽ എണ്ണ തേച്ച് മസാജ് ചെയ്ത അധ്യാപികയ്‌ക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലെ മുണ്ടഖേദ പ്രൈമറി സ്‌കൂളിലെ അധ്യാപികയെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്നത് ജൂലൈ 19നാണ്. ക്ലാസ് നടക്കേണ്ട സമയത്താണ് അധ്യാപികയുടെ ഈ പ്രവർത്തി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. ക്ലാസ് മുറിയിൽ അധ്യാപിക തലക്ക് എണ്ണ തേച്ച് ഇരിക്കയും, മൊബൈലിൽ പഴയ ഹിന്ദി സിനിമാഗാനം ഇടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ സമയത്ത് കുട്ടികൾ ചിരിച്ചും കളിച്ചും പെരുമാറുന്നുണ്ട്.
ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ ഡയറക്ടറാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഉത്തരവിട്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.
അധ്യാപികയുടെ അലംഭാവം സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളുടെയും വിദ്യാഭ്യാസരംഗത്തിന്റെയും നിലവാരത്തെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ അധ്യാപികയുടെ പെരുമാറ്റത്തിനെതിരെ ശക്തമായി വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Tag: Teacher suspended for massaging head with oil while listening to music on phone during class