വാക്‌സിന് പണമില്ല, ബിജെപി തൃശൂരിലെത്തിച്ചത് മൂന്നരക്കോടിയുടെ കുഴല്‍പ്പണം; ടീക്കാറാം മീണ ഡിജിപിയോട് വിശദീകരണം തേടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ഇറക്കിയ കുഴല്‍പ്പണം നേതാക്കള്‍ തന്നെ സിനിമാ സ്റ്റൈലില്‍ തട്ടിയെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമായി പുകയുകയാണ്. 3.5 കോടിയുടെ കുഴല്‍പ്പണമാണ് ബി.ജെ.പി നേതാക്കളുടെ അറിവോടെ തട്ടിയെടുക്കപ്പെട്ടത്. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി കൊടുത്തയച്ച പണമാണ് കൊടകര നിന്ന് കാര്‍ തട്ടിയെടുത്ത് കവര്‍ന്നത്. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് കൊടുത്ത് വിട്ട പണം ആണെന്നാണ് സൂചനകള്‍. തൃശൂര്‍ കൊടകര നിന്നാണ് പണം തട്ടിയെടുക്കപ്പെട്ടത് എന്നതിനാല്‍ കൊടകര പോലീസ് കേസ് എടുത്തിട്ടുണ്ട്.
പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയത് കോഴിക്കോട് സ്വദേശി ധര്‍മ്മരാജനാണ്. 25 ലക്ഷം രൂപയും കാറും തട്ടിയെടുക്കപ്പെട്ടു എന്നാണ് ധര്‍മ്മരാജന്‍ പരാതി നല്‍കിയത്. പക്ഷെ പോലീസ് അന്വേഷണത്തില്‍ കാറില്‍ ഉണ്ടായിരുന്നത്, 3.5 കോടി രൂപയുടെ കുഴല്‍പ്പണമാണ് മനസ്സിലായത്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് പണത്തിനു വേണ്ടി സിനിമാ സ്റ്റൈലില്‍ ചേസിംഗ് അരങ്ങേറുകയും പണം തട്ടിയെടുക്കുകയും ചെയ്തത്. തൃശൂരിലെ ബിജെപി നേതൃത്വത്തിനു സംഭവം അറിയാമായിരുന്നുവെന്നാണ് സൂചനകള്‍. പണം തട്ടിയെടുത്തതിലും പ്രമുഖനായ ഒരു നേതാവ് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
തൃശൂര്‍ കൊടകരയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന മൂന്നരക്കോടിയുടെ കുഴല്‍പ്പണം പാര്‍ട്ടി നേതാക്കള്‍ തന്നെ തട്ടിയെന്ന പരാതി കേരളത്തെ പിടിച്ചു കുലുക്കുന്ന വിവാദമായി വളരുന്നു. സംഭവത്തില്‍ ഡി.ജി.പിയോട് വിശദീകരണം തേടുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പറഞ്ഞു. ഏഴുപേരെ പ്രതി ചേര്‍ത്താണ് കൊടകര പോലീസ് കേസ് എടുത്തത്. ഉന്നതനായ ബിജെപി നേതാവിന്റെ പങ്കു കൂടി ഈ പണം തട്ടിയെടുക്കലില്‍ ഉണ്ടെന്നതിനാല്‍ കേസ് എങ്ങോട്ട് പോകും എന്നതിന് ഒരു തീര്‍ച്ചയുമില്ല. എന്തായാലും പണം തട്ടിയെടുത്ത സംഭവം വിവാദമായി പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്.
തൃശൂര്‍ മുതല്‍ പണവുമായി പോയ കാറിനെ മറ്റൊരു കാര്‍ പിന്തുടരുന്നുണ്ട്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാറിനെ പിന്തുടര്‍ന്ന് വന്ന സംഘം കൊടകരയില്‍ വെച്ച് പണം അടങ്ങിയ കാര്‍ തട്ടിയെടുക്കുകയും ഇതേ കാറുമായി മുങ്ങുകയുമായിരുന്നു. വാഹനാപകടം എന്ന് തോന്നിപ്പിക്കുന്നതിനു വേണ്ടി പിറകില്‍ വന്ന കാര്‍ പണവുമായി പോയ കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്ത് വന്നപ്പോള്‍ പിന്നെ കാറില്‍ ഉണ്ടായിരുന്നവര്‍ കാറിലുള്ളവരെ ആക്രമിച്ച് കാറുമായി മുങ്ങി. ഈ കാര്‍ ആണ് ഇരിങ്ങാലക്കുടയില്‍ നിന്നും ഉള്ളില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെടുത്തത്.
പണവുമായി പോയ കാറിനെ മറ്റൊരു കാര്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട് എന്നാണ് സൂചന. ഇതുവെച്ചാണ് പോലീസ് അന്വേഷണം മുന്നോട്ടു നീക്കുന്നത്. കൊടകര പോലീസില്‍ പരാതി എത്തിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ കാര്‍ ഇരിങ്ങാലക്കുട ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഉള്‍ഭാഗം കുത്തിപ്പൊളിച്ച അവസ്ഥയിലായിരുന്നു കാര്‍ കണ്ടത്. തിരഞ്ഞെടുപ്പിനായി വന്ന കുഴല്‍പ്പണം തട്ടിയെടുത്ത സംഭവവും അതിനു അവലംബിച്ച രീതിയും ബിജെപിയിലെ നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം വേണം എന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്ന ആവശ്യം.