ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്: കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്തും

തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച് മാര്‍ച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കണ്ണൂര്‍, കൂത്തുപറമ്ബ്, കല്‍പ്പറ്റ, തവനൂര്‍, പട്ടാമ്ബി, ചാലക്കുടി, പെരുമ്ബാവൂര്‍, ഉടുമ്ബന്‍ചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാസര്‍ഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പരിശോധന നടത്താന്‍ ബുധനാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. അരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും.
ഒന്നില്‍ക്കൂടുതല്‍ വോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് കൈമാറിയിരുന്നു. 2021 ജനുവരി 20ാം തിയ്യതി പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 9 ജില്ലകളിലെ പത്ത് മണ്ഡലങ്ങളിലെ ഒന്നില്‍ കൂടുതല്‍ വോട്ടുള്ളവരുടെ പട്ടികയാണ് കൈമാറിയിട്ടുള്ളത്.
കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പത്ത് നിയോജകമണ്ഡലങ്ങളിലാണ് നിലവില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ ക്രമക്കേട് ശ്രദ്ധയില്‍ പെട്ടിട്ടുളളത്. 4,544 എണ്ണം. കണ്ണൂര്‍, കൂത്തുപറമ്ബ്, കല്‍പ്പറ്റ, തവനൂര്‍, പട്ടാമ്ബി, ചാലക്കുടി, പെരുമ്ബാവൂര്‍, ഉടുംബംചോല, വൈക്കം, അടൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ തവനൂരാണ് പ്രശ്‌നം ഗുരുതരമായിട്ടുള്ളത്. വിവരമനുസരിച്ച് തവനൂരില്‍ 4,395 പേര്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വോട്ടുണ്ട്. കൂത്തുപറമ്ബ് 2,795, കണ്ണൂര്‍ 1,743, കല്‍പ്പറ്റ 1,795, ചാലക്കുടി 2,063, പെരുമ്ബാവൂര്‍ 2,286, ഉടുമ്ബന്‍ചോല 1,168, വൈക്കം 1,605, അടൂര്‍ 1,283 എന്നീ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.