പ്രാണവായുവില്ലാതെ ഇന്നും രാജ്യത്ത് പൊലിഞ്ഞത് പത്തോളം ജീവനുകള്‍
പ്രാണവായുവില്ലാതെ ഇന്നും പൊലിഞ്ഞത് പത്തോളം ജീവനുകള്‍. ഹരിയാനയിലും ആന്ധ്രയിലുമാണ് മരണങ്ങള്‍ ഉണ്ടായത്. ദില്ലിയില്‍ ഉള്‍പ്പെടെ ഓക്‌സാജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. അതേ സമയം രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം. ഇതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നത്. ഹരിയാനായിലെ ഹിസറില്‍ 5പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്.
ഇതോടെ 12പേര്‍ക്കാണ് ആകെ ഓക്‌സിജന്‍ ലഭിക്കാതെ ഹരിയാനായില്‍ ജീവന്‍ നഷ്ടമായതും. ആന്ധ്രയിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമെന്നും 5 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുമ്‌ബോള്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമാകുകയാണ്. കഴിഞ്ഞ നവംബറില്‍ പ്രൊഫസര്‍ രാം ഗോപാല്‍ യാദവ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം.
ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്നും കൃത്യമായ നടപടി വേണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അഭിഭാഷക രശ്മിതയും വിമര്‍ശിച്ചു. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ്, ഗുണനിലവാരം, ആഭ്യന്തര ഉല്‍പ്പാദനത്തിലെ കാലതാമസം എന്നിവയിലും മുന്നറിയിപ്പ് നല്കിയിരുന്നു. അതേ സമയം പിഎം കെയര്‍ ഫണ്ട് ഉണ്ടായിരുന്നിട്ടും ചെലവഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.
60ഓളം ജീവനുകള്‍ പ്രാണവായുവില്ലാതെ നഷ്ടമായപ്പോഴാണ് പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ചു 551 പ്ലാന്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതും. അതിനിടയില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുമ്‌ബോഴും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ് കേരളം.