ബറെയ്‌ലിയിൽ സംഘർഷാവസ്ഥ; 48 മണിക്കൂർ ഇന്റർനെറ്റ് നിരോധനം

ഉത്തർപ്രദേശിലെ ബറെയ്‌ലിയിൽ ഇരുവിഭാഗങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ജില്ലാ ഭരണകൂടം 48 മണിക്കൂർ ഇന്റർനെറ്റ് നിരോധനം പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെ നിരോധനം തുടരും. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ പ്രചാരണം, അതോടൊപ്പം നടക്കുന്ന ദസറയും ദുർഗാപൂജാ ആഘോഷങ്ങളും സംഘർഷത്തിന്റെ പശ്ചാത്തലമായി.
ഘോഷയാത്രകൾ നടക്കുന്ന സാഹചര്യത്തിൽ പോലീസിന് കടുത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സാപ്പ് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ വർഗീയ വികാരങ്ങൾ ഉണർത്തുന്ന വ്യാജ പ്രചരണങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുവെന്നു ജില്ലാ ഭരണകൂടം ഉത്തരവിൽ വ്യക്തമാക്കി.
സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ സായുധ പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) എന്നിവയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
നബിദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ ‘ഐ ലവ് മുഹമ്മദ്’ ബാനറുകൾക്കെതിരെ ഹിന്ദുത്വ പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷം ശക്തമായത്. ഇതിനിടെ ഉണ്ടായ അക്രമങ്ങളിൽ 81 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രതികളുടെ വീടുകളും കടകളും പൊളിച്ചുനീക്കിയ സംഭവവും രേഖപ്പെടുത്തിയിട്ടുണ്ട്.
Tag: Tension in Bareilly; Internet banned for 48 hours