ബെക്കപകടത്തില്‍ മരിച്ചെന്ന് ഡോക്ടര്‍,പോസ്റ്റ്‌മോര്‍ട്ടം ചെയ്യവേ പുനര്‍ജന്‍മം

ബംഗളൂരു: ബൈക്കപകടത്തില്‍ മരിച്ചുവെന്ന് കരുതിയ 27കാരന് പോസ്റ്റുമോര്‍ട്ടം ടേബിളില്‍ പുനര്‍ജന്മം. അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുവാവിന്‍റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി എത്തിച്ചപ്പോള്‍ ചലിക്കുകയായിരുന്നു. കര്‍ണാടകയിലെ മഹാലിംഗപുരിലാണ് സംഭവം.
കഴിഞ്ഞയാഴ്ച ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് യുവാവ് കഴിഞ്ഞിരുന്നത്. പിന്നീട് യുവാവിനെ വെന്‍റിലേറ്ററില്‍നിന്ന് മാറ്റുകയും മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുകയുമായിരുന്നു.
അപകടമരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധുക്കള്‍ യുവാവിന്‍റെ മൃതദേഹവുമാെയത്തി. തിങ്കളാഴ്ച േപാസ്റ്റുമോര്‍ട്ടത്തിനായി ടേബിളില്‍ കിടത്തിയപ്പോള്‍ യുവാവിന്‍റെ ശരീരം ചലിച്ചതായി ഡോക്ടര്‍മാര്‍ ബന്ധുക്കളോട് അറിയിച്ചു. ഇതോടെ അപ്പോള്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ഹെല്‍ത്ത് ഓഫിസര്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ആദ്യം യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെന്‍റിലേറ്ററില്‍നിന്ന് മാറ്റിയതോടെ യുവാവ് മരിച്ചതായി കണക്കാക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ യുവാവിന്‍റെ ബന്ധുക്കള്‍ സര്‍ക്കാറിന് പരാതി നല്‍കി.