ഭീകരവാദ പ്രവർത്തനം; ബംഗാൾ സ്വേദേശികളായ മൂന്ന് യുവാക്കളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും രാജ്യദ്രോഹക്കുറ്റത്തിൽ കുടുങ്ങുകയും ചെയ്ത പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് യുവാക്കൾക്ക് ജീവപര്യന്തം തടവിനും 10,000 രൂപ വീതം പിഴയ്ക്കും രാജ്കോട്ട് അഡീഷണൽ സെഷൻസ് ജഡ്ജി ഐ.ബി. പത്താൻ ശിക്ഷ വിധിച്ചു.
നിരോധിത സംഘടനയായ അൽ ഖ്വയ്ദയുടെ അനുബന്ധ വിഭാഗമായ അൻസാർ ഗസ്വത്തുൽ ഹിന്ദിൽ ചേരുന്നതിനായി കശ്മീരിലേക്കു പോകാൻ ഗൂഢാലോചന നടത്തിയതായും, ഇന്ത്യയിൽ ശരിയത്ത് നിയമം സ്ഥാപിക്കാനും, രാജ്കോട്ടിലെ മുസ്ലിം യുവാക്കളെ ജിഹാദിലേക്ക് ചേർക്കാനും ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.
പ്രതികൾ ഒരു പിസ്റ്റളും 10 വെടിയുണ്ടകളും സ്വന്തമാക്കിയതും, വാട്‌സ്ആപ്പിൽ മുസമ്മിൽ എന്നയാളുമായി ബന്ധപ്പെട്ടു ആയുധങ്ങൾക്ക് 10,000 രൂപ നൽകിയതും അന്വേഷണത്തിൽ തെളിഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് എടിഎസ് 2023 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2023 ജൂലൈ 31-ന് രാജ്കോട്ട് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസ് സമീപത്ത് നിന്ന് ബർദ്വാൻ സ്വദേശി അബ്ദുൽ ഷക്കൂർ അലി ഷെയ്ഖ് (20), ഹൂഗ്ലി സ്വദേശി അമൻ സിറാജ് മാലിക് (23) എന്നിവരെ എടിഎസ് പിടികൂടി. അബ്ദുൽ ഷക്കൂരിൽ നിന്ന് പിസ്റ്റളും വെടിയുണ്ടകളും, അമൻ മാലിക്കിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനിടെ, മൂന്നാമത്തെ പ്രതിയായ ബർദ്വാൻ സ്വദേശിയായ ഷക്‌നവാസ് ഏക് ഷാഹിദ് (23) രാജ്കോട്ടിലെ സോണി ബസാറിലെ ഒരു കെട്ടിടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
അതിനുമുമ്പ് തന്നെ അഹമ്മദാബാദിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്ത് അൽ ഖ്വയ്ദ ശൃംഖല തകർത്തിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 121(എ) പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റവും, ആയുധനിയമത്തിലെ സെക്ഷൻ 25(1ബി)എ, 27 പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. ആയുധനിയമലംഘനത്തിന് കോടതി ഏഴ് വർഷത്തെ കഠിനതടവും വിധിച്ചു. ശിക്ഷകൾ ഒരുമിച്ചാണ് അനുഭവിക്കേണ്ടത്.
Tag: Terrorist act; Three Bengali youths sentenced to life imprisonment