indiaLatest NewsNationalNews

ഭീകരാക്രമണ സാധ്യത; ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം

ഭീകരാക്രമണ സാധ്യതയെ മുന്നിൽക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങൾക്കും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) അതീവ ജാഗ്രതാ നിർദേശം നൽകി. 2025 സെപ്റ്റംബർ 22നും ഒക്ടോബർ 2നും ഇടയിൽ ഭീകരസംഘടനകളോ സാമൂഹികവിരുദ്ധ വിഭാഗങ്ങളോ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.

ഓഗസ്റ്റ് 4-നാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്കൂളുകൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങി എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷ കർശനമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

“ഭീകരസംഘടനകളിൽ നിന്നോ സാമൂഹിക വിരുദ്ധരായ ആളുകളിൽ നിന്നോ ആക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജൻസികളുടെ പുതിയ വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കണം,” എന്ന് BCAS പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

പാകിസ്താനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളാണ് മുന്നറിയിപ്പിന് അടിസ്ഥാനമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സുരക്ഷാ നടപടികളുടെ ഭാഗമായി പ്രാദേശിക പൊലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), ഇന്റലിജൻസ് ബ്യൂറോ (IB) എന്നിവയുമായി അടുത്ത സഹകരണം ഉറപ്പാക്കണമെന്ന് BCAS നിർദ്ദേശിച്ചു. ലഭിക്കുന്ന സുപ്രധാന വിവരങ്ങളും ജാഗ്രതാ നിർദേശങ്ങളും ബന്ധപ്പെട്ട ഏജൻസികളുമായി ഉടൻ പങ്കിടണമെന്ന് സർക്കുലറിൽ പറയുന്നു.

ജീവനക്കാർ, കരാറുകാർ, സന്ദർശകർ എന്നിവരുടെ തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാക്കണമെന്നും BCAS നിർദ്ദേശം വ്യക്തമാക്കുന്നു.

സംസ്ഥാന പോലീസ്, വിമാനത്താവള അധികൃതർ, എയർലൈൻ കമ്പനികൾ എന്നിവർക്കെല്ലാം നിർദ്ദേശം ബാധകമാണ്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾക്കായി ഒരേ രീതിയിൽ സുരക്ഷാ നടപടികൾ പാലിക്കണം. വാണിജ്യ വിമാനങ്ങളിൽ കയറ്റുന്ന കാർഗോ, തപാൽ, പാഴ്‌സൽ തുടങ്ങിയവയെല്ലാം ലക്ഷ്യസ്ഥാനമെന്തായാലും കർശനമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും BCAS ഉത്തരവിൽ പറയുന്നു.

Tag: Terrorist attack threat; High alert issued at all airports in India

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button