Latest NewsNationalNews

കശ്മീരില്‍ ഭീകരവേട്ട അവസാന ലാപ്പിലേക്ക്

ശ്രീനഗര്‍: കഴിഞ്ഞ കുറച്ചുനാളുകളായി സൈന്യം ഭീകരര്‍ക്കായി നടത്തുന്ന തിരച്ചില്‍ അവസാനഘട്ടത്തിലേക്ക്. ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലും സുരക്ഷ കണക്കിലെടുത്ത് ജനം വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂഞ്ചിലെ മെന്ധര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കെതിരെ സൈന്യം അന്തിമനടപടിക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ജനത്തിന് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭീകരര്‍ക്കെതിരെ ആഴ്ചകളായി തുടരുന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കരസേനാമേധാവി ജനറല്‍ എം.എം. നരവനെ ഇന്നലെ ജമ്മു മേഖലയിലെ നിയന്ത്രണരേഖ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമരന്തി അമിത് ഷാ അടുത്തയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. വനമേഖലയിലേക്കു പോകരുതെന്നും വളര്‍ത്തുമൃഗങ്ങളെ വീടുകളില്‍ത്തന്നെ സൂക്ഷിക്കണമെന്നും സൈന്യം പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുറത്തുപോയവര്‍ അടിയന്തരമായി വീടുകളില്‍ തിരിച്ചെത്തണം. കഴിഞ്ഞ 11നുശേഷം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് സൈന്യം കടുത്ത നടപടികളിലേക്കു കടന്നത്. ഒളിച്ചിരിക്കുന്ന ഭീകരരെ പൂര്‍ണമായി കൊന്നൊടുക്കാന്‍ ലക്ഷ്യമിട്ട് പൂഞ്ചിലെ മെന്ധര്‍, തൊട്ടടുത്ത് രജൗറിയിലെ താനാമണ്ഡി വനമേഖലകള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. പര്‍വതമേഖലയിലെ കൊടുംവനത്തില്‍ തിരച്ചില്‍ ദുഷ്‌കരമാണ്. ഇതാണ് ഭീകരരുടെ ആയുസ് നീട്ടുന്ന ഘടകം. പുറത്തുകടക്കാനാകാത്ത വിധം ഭീകരര്‍ വനത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും ഭൂപ്രകൃതിയുടെ പ്രത്യേകതമൂലമാണ് ദൗത്യം നീളുന്നതെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

മെന്ധറിനും താനാമണ്ഡിക്കുമിടയില്‍ ജമ്മു- രജൗറി ഹൈവേ അടച്ചു. ശ്രീനഗര്‍ ഉള്‍പ്പെടെ കശ്മീര്‍ താഴ്‌വരയിലെമ്പാടും ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാണ്. ശ്രീനഗറിലും ദക്ഷിണ കശ്മീര്‍ ജില്ലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി തടസപ്പെടുത്തിയിരിക്കുകയാണ്. സെക്രട്ടേറിയറ്റും വിമാനത്താവളവും ഉള്‍പ്പെടെ തന്ത്രപ്രധാനസ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു.

റോഡുകള്‍ തടസപ്പെടുത്തിയും ചെക്പോയിന്റുകള്‍ സ്ഥാപിച്ചും വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ധിപ്പിച്ചു. വെടിയേല്‍ക്കാത്ത മൊബൈല്‍ ബങ്കര്‍ വാഹനങ്ങള്‍ കൂടുതലായി വിന്യസിച്ചു. ലാല്‍ചൗക്കില്‍ പരിശോധനയ്ക്കായി വനിത അര്‍ധസൈനിക വിഭാഗത്തെയും നിയോഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button