അതിഥികൾക്കിടയിൽ ഭീകരർ കേരളം ഞെട്ടി.

കേരളത്തിലെ അതിഥി തോഴിലാളികൾക്കിടയിൽ ഭീകരർ നുഴഞ്ഞു കയറുന്നുണ്ടെന്ന റോയുടെയും, ഐ ബി യുടെയും റിപ്പോർട്ടുകൾ ശരിയെന്നു തെളിയിച്ചുകൊണ്ട് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച് എൻ ഐ എ യുടെ ഭീകര വേട്ട.
കേരളത്തിലും ബംഗാളിലുമായി 12 ഇടങ്ങളിൽ എൻ ഐ എ നടത്തിയ റെയ്‌ഡിൽ ഒൻപത് അൽ ഖ്വയ്ദ ഭീകരരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർ കേരളത്തിൽ അതിഥി തൊഴിലാളികൾ എന്ന വ്യാജേന എത്തി ജോലി നോക്കി വരുകയായിരുന്നു. കേരളത്തിൽ കഴിഞ്ഞിരുന്ന ഭീകരർ, ഡൽഹിയിലേയ്ക്ക് കടക്കാൻ പദ്ധതിയിട്ടിരിക്കേയെന്ന് ദേശീയ അന്വേഷണ ഏജൻസി അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കളമശ്ശേരി പാതാളത്തും പെരുമ്പാവൂരിലുമാണ് ഭീകരര്‍ക്കായി ശനിയാഴ്ച പുലര്‍ച്ചെ എൻ ഐ എ റെയ്ഡ് നടത്തിയത്. കേരളത്തിൽ ഇവര്‍ ധനസമാഹരണം നടത്തി വരികയായിരുന്നുവെന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കാനായി സംഘത്തിലെ ചിലര്‍ ഡൽഹിയിലേയ്ക്ക് തിരിക്കാനിരിക്കുകയായിരുന്നുവെന്നും എൻഐഎയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ഇവര്‍ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും അറസ്റ്റ് ഭീകരരുടെ ആക്രമണപദ്ധതി തകര്‍ത്തെന്നും എൻഐഎ അറസ്റ്റിനു ശേഷം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഇവര്‍ ഭീകരസംഘടനയിലേയ്ക്ക് ആകൃഷ്ടരായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളം ജില്ലയിൽ നിന്ന് മൂന്നു പേരെയും പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ആറു പേരെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുന്നത്.. കേരളത്തിൽ നിന്ന് പിടികൂടിയവർ മൂവരും ബംഗാളികളാണെന്നാണ് എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരും സംസ്ഥാന പോലീസിൻ്റെ ക്രിമിനൽ പട്ടികയിൽ ഉള്‍പ്പെട്ടവരല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ഇവരെ അറസ്റ്റ് വിവരം എൻഐഎ കേരള പോലീസിന് കൈമാറിയിട്ടുണ്ട്.
മുര്‍ഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരെയാണ് എറണാകുളം ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ കൊച്ചി എൻഐഎ ഓഫീസിൽ ചോദ്യം ചെയ്തുവരുകയാണ്. ഇതിൽ യാക്കൂബ് ബിശ്വാസ് ഒഴികെയുള്ള രണ്ട് പേരുകള്‍ സ്ഥിരീകരിച്ച വാര്‍ത്താ ഏജൻസിയായ എഎൻഐ ഇവരുടെ ചിത്രങ്ങളും പുറത്തു വിടുകയുണ്ടായി. മുര്‍ഷിദിനെ കളമശ്ശേരി പാതാളത്തെ താമസസ്ഥലത്തു നിന്നാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. പാതാളത്ത് നിര്‍മാണ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ മിക്ക ദിവസങ്ങളിലും ജോലിയ്ക്ക് പോയിരുന്നില്ല. കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കുന്ന ഇവരെ ഡൽഹിയിലേയ്ക്ക് കൊണ്ടുപോകും.ഡിജിറ്റൽ ഉപകരണങ്ങള്‍, രേഖകള്‍, ‘ജിഹാദി പുസ്തകങ്ങള്‍’, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, നാടൻ തോക്കുകള്‍, പ്രദേശികമായി നിര്‍മിച്ച രക്ഷാകവചം, സ്വയം സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച ലേഖനങ്ങളും രേഖകളും തുടങ്ങിയവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.