പാഠ്യപദ്ധതി പരിഷ്‌കരിക്കും; കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്ന് കേരളം
തിരുവനന്തപുരം: 1 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നു. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാഠ്യ പദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാനാണ് ആലോചന.
സംസ്ഥാനത്തിന്റേതായ രീതി ശാസ്ത്രം അനുസരിച്ച് തയ്യാറാക്കുകയും കേന്ദ്രം ഏതെങ്കിലും തരത്തില്‍ തടയിടുകയാണെങ്കില്‍ ഇടപെടുകയും ചെയ്യാമെന്നാണ് ഇപ്പോഴത്തെ ധാരണ. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണത്തിന് വിദ്യാഭ്യാസം അവകാശമുള്ള വിഷയമായതിനാല്‍ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനാകും.
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കപ്പെട്ടേക്കുമെന്നും സംശയിക്കുന്നു. സംസ്ഥാനങ്ങളില്‍ നിന്നുള്ള കരട് അംഗീകരിച്ച് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയച്ചു കഴിഞ്ഞാല്‍ പിന്നീട് അതില്‍ കാര്യമായ മാറ്റം വരുത്താനാകില്ലെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക.
പശ്ചിമബംഗാളും തമിഴ്നാടും കരട് നല്‍കാതെ രാഷ്ട്രീയ വിയോജിപ്പു പ്രകടമാക്കി കേന്ദ്രനയത്തോടുള്ള എതിര്‍പ്പ് പറഞ്ഞിരുന്നു. തമിഴ്നാടാകട്ടെ സ്വന്തം നിലയ്ക്ക് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ നിലപാട്.