താമരശ്ശേരി ഫ്രഷ്‌കട്ട് സംഘർഷം; ഡിഐജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി കേൺഗ്രസ്

താമരശ്ശേരി ഫ്രഷ്‌കട്ട് അറവ് മാലിന്യ പ്ലാന്റ് സംഘർഷത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്ലാന്റിന് മുന്നിൽ നടന്ന സമരം അക്രമാസക്തമായതിൽ ഗൂഢാലോചന നടന്നതായി ആരോപിച്ച് പാർട്ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
പരാതിയിൽ, സമരം അക്രമത്തിലേക്ക് വഴിമാറിയത് ആസൂത്രിതമായ ശ്രമത്തിന്റെ ഫലമാണെന്നും അതിൽ ഡിഐജി യതീഷ് ചന്ദ്രയുടെ ഇടപെടലുണ്ടായിട്ടുണ്ടാകാമെന്നും ആവശ്യപ്പെടുന്നു. സംഘർഷത്തെ കുറിച്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ പറഞ്ഞത്, “സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം സംഘടിപ്പിച്ചു. ഇതിന് പിന്നിൽ ചില താൽപര്യകക്ഷികളുണ്ട്, അവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്” എന്നായിരുന്നു.
സംഘർഷത്തിന് ശേഷം അടച്ചുപൂട്ടിയ ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാൻറ്, ജില്ലാ കളക്ടറുടെ അനുമതിയോടെ നിബന്ധനകളോടെ തുറക്കാൻ അനുവാദം ലഭിച്ചെങ്കിലും ഇതുവരെ പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. പ്ലാൻറ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.
പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ഒക്ടോബർ 31 മുതൽ ഏഴ് ദിവസത്തേക്ക് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാൻറിന് 300 മീറ്റർ ചുറ്റളവിലും അമ്പായത്തോട് ജംഗ്ഷനിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്റർ പരിധിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 21നാണ് സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. പ്രതിഷേധം സംഘർഷത്തിൽ കലാശിച്ച് സമരക്കാർ പ്ലാൻറിന് തീ വെക്കുകയും, മാലിന്യ ശേഖരണ വാഹനങ്ങൾ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ദുർഗന്ധം, മലിനജലം പുഴയിലേക്ക് ഒഴുക്കൽ എന്നിവയെച്ചൊല്ലി പ്രദേശവാസികൾ നേരത്തെയും പ്ലാൻറിനെതിരെ പ്രതിഷേധിച്ചിരുന്നുവെങ്കിലും, ഇത്തവണത്തേതാണ് ആദ്യമായി അതീവ സംഘർഷത്തിലേക്ക് നീങ്ങിയ സംഭവം.
സംഘർഷവുമായി ബന്ധപ്പെട്ട് 361 പേർക്ക് എതിരെ പൊലീസ് കേസെടുത്തു. പ്രതികളിൽ ഒന്നാമൻ ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് ടി. മെഹറൂഫ് ആണ്. കലാപം, അന്യായ കൂട്ടം ചേരൽ, വഴി തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
കൂടാതെ, പ്ലാൻറിന് തീ വെച്ച സംഭവത്തിൽ 30 പേർക്ക് വധശ്രമം ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നർ ലോറിയിൽ തീ വെച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചതായും എഫ്‌ഐആറിൽ പറയുന്നുണ്ട്. സംഭവത്തിൽ ഫ്രഷ്‌കട്ടിന് ഏകദേശം അഞ്ച് കോടി രൂപയുടെ സാമ്പത്തിക നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ട്.
Tag: Thamarassery Fresh Cut clash; Congress demands investigation into DIG Yatheesh Chandra’s role



