Kerala NewsLatest NewsNews

‘നന്ദി മോദി… മലയാളത്തിന്റെ നടനവിസ്മയത്തിന് കേരളം കാത്തിരുന്ന അംഗീകാരം’ ; മോഹന്‍ലാലിന്റെ ഫാല്‍ക്കേ അവാര്‍ഡ്; മോദിക്ക് നന്ദി പറഞ്ഞ് ക്രെഡിറ്റെടുത്ത് ബിജെപി

ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാര പ്രഖ്യാപനം നടന്നത്. 2023ലെ അവാര്‍ഡുകളായിരുന്നു ഈ വര്‍ഷം പ്രഖ്യാപിച്ചത്. ഇത്തവണ മലയാളികളുടെ സ്വന്തം മോഹന്‍ലാലായിരുന്നു അവാര്‍ഡിന് അര്‍ഹനായത്. സിനിമയില്‍ 48 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ വിവിധങ്ങളായി സംഭാവനകള്‍ക്കുള്ള അംഗീകാരമായിട്ടായിരുന്നു ഈ അവാര്‍ഡ് പ്രഖ്യാപനം.

ഈ പുരസ്‌കാരനേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് കേരളത്തിലെ ബിജെപി പുറത്തിറക്കിയിരിക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘നന്ദി മോദി… മലയാളത്തിന്റെ നടനവിസ്മയത്തിന് കേരളം കാത്തിരുന്ന അംഗീകാരം ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്’ എന്ന വാചകമാണ് പോസ്റ്ററിലുള്ളത്. ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്.

‘ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹന്‍ലാലിന് സമ്മാനിച്ചതിന്. പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ അതുല്യമായ സംഭാവനകള്‍ക്കുള്ള ഏറ്റവും അര്‍ഹമായ അംഗീകാരമാണിത്. ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ അഭിനയമികവിനെ രാജ്യം ഇത്രയും വലിയൊരു പുരസ്‌കാരം നല്‍കി ആദരിച്ചത് മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും ലഭിച്ച ആദരവായി ഞങ്ങള്‍ കാണുന്നു’ എന്നും പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ ബിജെപി പറയുന്നു.

എന്നാല്‍ പോസ്റ്ററിന് പിന്നാലെ വ്യാപക വിമര്‍ശനവും കേരളത്തിലെ ബിജെപിക്ക് നേരെ ഉയരുന്നുണ്ട്. ബിജെപിയും മോദിയും അനാവശ്യമായി ക്രെഡിറ്റെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം. മോഹന്‍ലാലിന്റെ സിനിമാജീവിതത്തിനുള്ള ആദരവായി ലഭിച്ച അവാര്‍ഡിനെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ച് താഴ്ത്തിക്കെട്ടരുത് എന്ന് ചൂണ്ടിക്കാണിക്കുന്നവരും കമന്റുകളിലുണ്ട്.

tag: ‘Thank you Modi… Kerala was waiting for the recognition of the marvel of Malayalam acting’; Mohanlal’s Falk Award; BJP thanked Modi and took credit.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button