കൊടകര കുഴല്‍പണ കവര്‍ച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് സ്വദേശി എഡ്വിന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ എഡ്വിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പു. കേസിലെ 19-ാം പ്രതിയാണ് എഡ്വിന്‍.
കേസില്‍ പോലീസ് ക്രൂരമായി മര്‍ദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസിക സമ്മര്‍ദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിന്‍ ഡോക്ടര്‍മാര്‍ക്കും പോലീസിനും മൊഴി നല്‍കി. മൂന്ന് തവണ എഡ്വിനെ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടകര ദേശീയപാതയില്‍ വച്ച് കാറില്‍ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുക്കുകയായിരുന്നു.
കേസില്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബിജെപി നേതാക്കള്‍ സാക്ഷികളാണ്. ഈ കേസുമായി ബന്ധപ്പെട്ട് 22 പ്രതികളാണ് ഉള്ളത്. ഇതില്‍ 21 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആണ് മൂന്നര കോടി രൂപ കര്‍ണാടകത്തില്‍ നിന്നും എത്തിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. മൂന്നര കോടി കവര്‍ന്ന കേസില്‍ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപ മാത്രമാണ്.