പട്ടാമ്പി മത്സ്യമാർക്കറ്റിലെ സമ്പർക്കം മൂലം രോഗ ബാധ കൂടി, രണ്ട് ദിവസം കൊണ്ട് 106 പേർക്ക് രോഗം.

പാലക്കാടു ജില്ലയിലെ പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വർധിക്കുന്നതായിട്ടാണ് റിപ്പോർട്ട്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലായി 39 പേർക്ക് കൂടി കോവിഡ് പോസിറ്റീവായി. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗണിലാണ്. മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും പാലക്കാട് ജില്ലയിൽ എത്തിയ 20 പേർക്കും കോവിഡ് പോസിറ്റീവായി.
പട്ടാമ്പി മത്സ്യമാർക്കറ്റിലെ സമ്പർക്കം മൂലം 106 പേർക്കാണ് രണ്ട് ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പട്ടാമ്പി മാർക്കറ്റിൽ നിന്നും മലപ്പുറം, തൃശൂർ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലേക്കും മത്സ്യം വിൽപനക്ക് കൊണ്ടുപോകുന്നുണ്ട്. പുതിയ കണക്ക് പ്രകാരം പാലക്കാട് ജില്ലയിലെ 29 പേർക്കും തൃശൂർ ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 3 പേർക്കും മത്സ്യമാർക്കറ്റിലെ സമ്പർക്കം മൂലം കോവിഡ് ബാധിക്കുകയുണ്ടായി. പട്ടാമ്പി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും ആന്‍റിജൻ പരിശോധന നടത്തുന്നത് തുടരുകയാണ്. പട്ടാമ്പി താലൂക്കും നെല്ലായ പഞ്ചായത്തും പൂർണമായും അടച്ചിരിക്കുകയാണ്. ആന്‍റിജൻ പരിശോധനക്ക് ശേഷം ആവശ്യമെങ്കിൽ കൂടുതൽ പ്രദേശങ്ങളിൽ ലോക് ഡൗൺ നടപ്പാക്കുമെന്നാണ് വിവരം.