ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്;കേന്ദ്ര മന്ത്രി സുരേഷ് ഗോപി

..
തൃശൂർ:കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി എംപി. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴയ്ക്ക് എയിംസിന് യോഗ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയിൽ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘രാഷ്ട്രീയ ഉദ്ദേശ്യത്തോടെ അത് ചെയ്യില്ലെന്ന് തീരുമാനിച്ചാൽ പിന്നെ എനിക്ക് എന്റെ പ്രധാനമന്ത്രിയുടെ അടുത്തും ആരോഗ്യ മന്ത്രിയുടെ അടുത്തും പിന്നെ എനിക്ക് അധികാരമുണ്ട്, അവകാശമുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപിയുടെ ആദ്യ എംപി എന്ന നിലയിൽ തൃശൂരിന് പിന്നെ അത് നിർബന്ധം’’–സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പലതവണ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ സർക്കാർ ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നു. 2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് അറിയിച്ചത്.
വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 22 എയിംസുകൾ അനുവദിച്ചെങ്കിലും കേരളത്തിനു മാത്രം ലഭിച്ചിട്ടില്ല.
TAG: The Alappuzha district, which is lagging behind, needs to be brought forward; Union Minister Suresh Gopi.