CrimeKerala NewsLatest NewsUncategorized

ഓൺലൈൻ തട്ടിപ്പിനിരയായി 1700 രൂപ നഷ്ടപ്പെട്ടു; സ്‌റ്റേഷനിൽ നേരിട്ടു വിളിച്ചു പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടായില്ല; ആരോപണവുമായി മുൻ ഡിജിപി ആർ ശ്രീലേഖ

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനിരയായി പണം പോയ പരാതി അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടു വിളിച്ചു പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ശ്രീലേഖ ആരോപിച്ചു.

ആയിരത്തി എഴുന്നൂറു രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്. ചെറിയ തുകയാണെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിയമ വിരുദ്ധമായി തട്ടിയെടുത്തതിനെതിരെയാണ് പരാതി നൽകിയത്.

സ്റ്റേഷൻ ഹൗസ് ഓഫിസറെ നേരിട്ടു വിളിക്കുകയും ഇമെയിലിലൂടെ പരാതി നൽകുകയും ചെയ്തു. പൊലീസ് സേനയിൽ ജോലി ചെയ്ത ഒരാളായിട്ടുകൂടി പൊലീസ് തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തതെന്ന് ശ്രീലേഖ പറയുന്നു.

മുമ്പു നാലുതവണ ഇതേ പൊലീസ് സ്റ്റേഷനിൽനിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. 2013ൽ തന്റെ പുതിയ വീടുപണി നടന്നുകൊണ്ടിരിക്കെ തേക്കു മരങ്ങളും ഇലക്ട്രിക് വയറുകളും മറ്റും മോഷണം പോയി. അൻപതിനായിരം രൂപയുടെ വസ്തുവകകളാണ് നഷ്ടപ്പെട്ടത്. 2002ൽ തന്റെ കുടുംബ വീട്ടിൽനിന്ന് രണ്ടു ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടു. ഈ രണ്ടു കേസും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് എഴുതിത്തള്ളുകയായിരുന്നു.

കാര്യം ഉന്നതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല. തനിക്ക് ഇതാണ് അനുഭവമെങ്കിൽ ഈ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി വരുന്ന പാവപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ശ്രീലേഖ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button