കുഞ്ഞുടുപ്പും തൊട്ടിലും ഒക്കെ മാസങ്ങൾക്ക് മുന്നേ വാങ്ങി വെച്ചതാ, പൊട്ടിക്കരഞ്ഞ് ഷെരീഫ്.

സർക്കാർ മെഡിക്കൽ കോളജ് അടക്കം മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്.ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗം കേൾക്കാൻ തയ്യാറാകുന്നില്ല, ഒന്നാം പ്രതിയായ മെഡിക്കൽ കോളേജ് സൂപ്രണ്ട് തയ്യാറാക്കുന്ന റിപ്പോർട്ടിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും പിതാവ് ഷരീഫ് പറഞ്ഞു.സർക്കാർ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണത്തിൽ ഒരു വിശ്വാസവുമില്ല. അധികൃതർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. വേദനയോടെയാണ് ഓരോ കാര്യങ്ങളും കേൾക്കുന്നതെന്നും ഷെരീഫ് പറയുന്നു.
വാക്കുകൾ ഇങ്ങനെ,ഞാനൊരു കാര്യം ചെയ്യാം. എൻറെ കുട്ടികൾക്ക് ഞാൻ മാസങ്ങൾക്ക് മുമ്പേ കുഞ്ഞുടുപ്പും തൊട്ടിലും ഒക്കെ വാങ്ങി വെച്ചതാ. ലോക്ക്ഡൗണായാൽ വാങ്ങാൻ പറ്റാതെ വരുമോ എന്ന് കരുതിയിട്ട്. അപ്പോ വാങ്ങി വെച്ചാൽ അതിൽ എന്തെങ്കിലും വൈറസ് വരുമോ എന്ന് പേടിച്ചിട്ട്. ഞാനാ അതൊക്കെ കഴുകി ഉണക്കി ആശുപത്രിയിൽ കൊണ്ടുവന്നത്. നോക്ക്, ആ വരാന്തയിൽ എല്ലാം കൂട്ടി വെച്ചിട്ടുണ്ട്. എൻറെ ഭാര്യയെ ഡിസ്ചാർജ് ചെയ്താ അതെല്ലാം കൊണ്ടുപോയി ഞാൻ കളക്ടർക്ക് കൊടുക്കും. എല്ലാം വീതിച്ച് കൊടുക്കട്ടെ. എൻറെ കുട്ടികളെ കൊന്ന സൂപ്രണ്ടിനും അവരെ പിന്തുണയ്ക്കുന്ന മന്ത്രിയ്ക്കും ഒക്കെ വീതിച്ച് കൊടുക്കട്ടെ. ഡിപ്പാർട്ട്മെൻറിൻറെ അന്വേഷണത്തിൽ ഒരു പ്രതീക്ഷയും ഇല്ല. അവർക്കൊക്കെ ഈ ഗതി വരണം, അപ്പഴേ അവർ അനുഭവിക്കൊള്ളൂ. ഈ മന്ത്രി പ്രസവിച്ചിട്ടുണ്ടെങ്കിൽ മന്ത്രിക്ക് ഇതിൻറെ വേദനയറിയും. ഇല്ലെങ്കിൽ മന്ത്രി മന്ത്രിൻറെ മക്കളോട് ചോയ്ക്കട്ടെ”- കുട്ടികളുടെ പിതാവ് ഷരീഫ് കണ്ണീരോടെ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശകമ്മീഷനെ സമീപിക്കുമെന്നും ഷെരീഫ് വ്യക്തമാക്കി.