ധീരജവാൻ അനീഷ് തോമസിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

കൊല്ലം: ഇന്ത്യ- പാക് അതിർത്തിയിലുണ്ടായ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് അനീഷിന്റെ വീട്ടിലും സംസ്കരാച്ചടങ്ങുകൾ നടന്ന പള്ളിയിലും എത്തിയത്.
സംസ്ഥാന സർക്കാർ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷം മൂന്ന് മണിയോടെയാണ് അനീഷിൻറെ മൃതദേഹം വയലായിൽ എത്തിച്ചത്.മണ്ണൂർ മർത്തൂസ്മൂനി ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
കണ്ണീരോടെ ബന്ധുക്കളും നാട്ടുകാരും അനീഷിന് വിട നൽകി. ഇന്ന് രാവിലെയോടെയാണ് അനീഷ് തോമസിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സർക്കാർ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്.