Kerala NewsLatest NewsNewsSabarimala

ശബരിമലയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മിച്ച പാലം മൂന്നാം ദിവസം തകര്‍ന്നു

പത്തനംതിട്ട: ലക്ഷങ്ങള്‍ ചിലവിട്ട് പണിത പാലം മഴപെയ്തപ്പോള്‍ തകര്‍ന്നു വീണു. പമ്പയില്‍ ഞുണങ്ങാറിന് കുറുകെ നിര്‍മിച്ച പാലമാണ് മഴയില്‍ തകര്‍ന്നത്. ഉദ്ഘാടനം ചെയ്ത് മൂന്നാമത്തെ ദിവസം തന്നെ പാലം തകര്‍ന്നത് പ്രതിഷേധം ശക്തമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനാണ് പാലം ഉദ്ഘാടനം ചെയ്തത്. ഏകദേശം 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് പാലം തകര്‍ന്നത്. മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായാണ് ഞുണങ്ങാറിന് കുറുകെ പാലം നിര്‍മിച്ചത്. ജലസേചന വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇരുപത് മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. പുഴയിലെ വെള്ളത്തിന് ഒഴുകാനായി രണ്ട് പാളികളായി ഇരുപത്തി നാല് പൈപ്പുകളാണ് സ്ഥാപിച്ചിരുന്നത്.

താഴെ ഏഴും മുകളില്‍ അഞ്ചുമായി 12 വെന്റുകളും സ്ഥാപിച്ചിരുന്നു. ഇതില്‍ നാലെണ്ണമാണ് പൊട്ടിതകര്‍ന്നത്. പാലത്തിന്റെ രണ്ട് വശത്തും തെങ്ങിന്‍ കുറ്റി പൈല്‍ ചെയ്ത് വെള്ളപ്പാച്ചിലില്‍ പാലം മറിഞ്ഞുപോകാത്തവിധം കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. പത്ത് മുതല്‍ പതിനഞ്ച് വരെ ടണ്‍ സംഭരണശേഷിയുള്ള ട്രാക്ടറുകള്‍ക്ക് കടന്നുപോകാന്‍ പാകത്തിലാണ് പാലം നിര്‍മിച്ചതെന്നായിരുന്നു അധികാരികള്‍ പറഞ്ഞിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button