പാലാരിവട്ടം പാലം ഇന്ന് മുതൽ പൊളിച്ചു തുടങ്ങും

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ ഇന്ന് രാവിലെ തുടങ്ങും. ആദ്യ ദിവസങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. ഡിഎംആർസി, പോലീസ്, ദേശീയപാതാ അതോറിറ്റി എന്നിവർ ഇന്ന് രാവിലെ നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഗതാഗത നിയന്ത്രണത്തിൽ തീരുമാനമുണ്ടാവുക.
ഡിഎംആർസിയുടെ മേൽനോട്ടത്തി പാലം പണിയുന്നത്. 661 മീറ്റർ ദൂരം വരുന്ന പാലത്തിൻറെ ടാറ് ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. 4 ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിൻറെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും. കൊച്ചി ഡിസിപി ജി. പൂങ്കുഴലിയും ഡിഎംആർസി ചീഫ് എൻജിനീയർ കേശവ് ചന്ദ്രനും ദേശീയ പാതാ അതോറിറ്റി, റോഡ്സ് ആൻറ് ബ്രിഡ്ജസ് ഡവലപ്മെൻറ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് 10 മണിയോടെ സംയുക്ത പരിശോധന നടത്തുന്നുണ്ട്.
വരുംദിവസങ്ങളിലെ വാഹന നിയന്ത്രണം എങ്ങനെ വേണമെന്ന് ഈ പരിശോധനയിലാകും തീരുമാനിക്കുക.8 മാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.