പറവൂർ തത്തപ്പള്ളിയിൽ വൻ തീപിടുത്തം, പ്ളാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു.

എറണാകുളം/ പറവൂർ തത്തപ്പള്ളിയിൽ സർക്കാർ ഹൈസ്‌കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. പ്ളാസ്റ്റിക് ഗോഡൗണിലാണ് തീ പിടുത്തം ഉണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. വെൽഡിംഗ് ജാേലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേന നൽകുന്ന സൂചന.ആ പ്രദേശമാകെ പുക നിറഞ്ഞ നിലയിലാണ്. പ്ളാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുളള ശ്രമം അഗ്നിശമനസേന നടത്തി വരുന്നു. പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്നാണ് തീ അനക്കാൻ പരിശ്രമിക്കുന്നത്.
ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗൺ ഉള്ളത്. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പോലീസ് പറയുന്നത്.