സ്‌മോൾ വേണ്ട കേക്ക് മതി നിക്ക് അങ്ങ് കിക്ക് ആവും.

മദ്യം കഴിക്കാതെ ഫിറ്റ് ആകുന്നവരെപ്പറ്റി ആരും കേട്ടിട്ടുണ്ടാവില്ല. മദ്യം അമിതമായി ശരീരത്തിൽ ചെല്ലുമ്പോഴാണ് ആരും ആൽക്കഹോൾ വഴി ഫിറ്റാവുക. മദ്യപിക്കുന്നതിനു പകരം കേക്ക് തിന്നാൽ ഫിറ്റാകുന്ന ആളാണ് ഇംഗ്ലണ്ടിലെ സാഫോൾക് നിവാസിയായ നിക്ക് കാഴ്സണ്. ഒരു കഷ്ണം കേക്ക് തിന്നാലെ നിക്ക് മദ്യപിച്ച സ്ഥിതിയിലാവും. രണ്ടിലധികം കഷ്ണം കഴിച്ചാൽ പിന്നെ പറയേണ്ട നിക്ക് ഫുൾ പൂസായിപ്പോകും.
നിക്കിന്റെ രോഗാവസ്ഥയാണ് ഇതിനു കാരണമായി വിദഗ്ധ ഡോക്ടർമാർ പറയുന്നത്. ഓട്ടോ-ബ്രിവരി സിൻഡ്രം (ABS) എന്ന രോഗം മൂലമാണ് നിക്കിന് വിചിത്രമായ ഈ പ്രശ്നം ഉണ്ടായിരിക്കുന്നത്. നിക്ക് കേക്ക് കഴിച്ചാൽ ശരീരം കേക്കിലെ കാർബോഹൈഡ്രേറ്റ് പുളിപ്പിക്കുകയും, മദ്യപിച്ച അവസ്ഥയിലാവുകയും ചെയ്യുന്നു.
നിക്ക് ഇത് മൂലം ചില്ലറയല്ല കഷ്ടപ്പെടുന്നത്. ഒരു കേക്കും കഴിച്ച് ഡ്രൈവിങ്ങിന് നിക്ക് പോയാൽ, പോലീസ് കൈകാട്ടി ബ്രീത്ത് അനലൈസറിൽ ഊതിപ്പിച്ചാൽ മെഷീൻ തന്നെ ചത്ത് പോകും. അത്ര ആൽക്കഹോൾ കണ്ടന്റ് നിക്കിന്റെ ശരീരത്തുലുണ്ടാവും. 20 വർഷങ്ങൾക്ക് മുൻപ് ജോലിസ്ഥലത്ത് ശക്തിയേറിയ ചില രാസവസ്തുക്കൾ ഉപയോഗിച്ചതിന് ശേഷമാണ് നിക്കിന് ഈ അവസ്ഥ ഉണ്ടാവുന്നത്. ലാഡ് ബൈബിൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡോക് മാർട്ടിന്റെ എപ്പിസോഡിൽ ഈ അവസ്ഥയെപ്പറ്റി പ്രതിപാദിച്ചപ്പോൾ ആണ് നിക്കിന്റെ ഭാര്യ കാരെൻ ഓട്ടോ-ബ്രിവരി സിൻഡ്രം (ABS) ആണിതെന്ന് തിരിച്ചറിയുന്നത്.
തന്റെ രോഗാവസ്ഥ മൂലം സ്വമേധയാ ഒരു മദ്യപാനിയായി നിക്ക് ഇപ്പോൾ മാറിയിരിക്കുകയാണ്. കുറച്ച് പഞ്ചസാരയോ കാർബോഹൈഡ്രേറ്റോ ഉള്ളിൽ പോയാൽ നിക്ക് പെട്ടെന്ന് മദ്യപാനിയെ പോലെ ആകും. കാർബോഹൈഡ്രേറ്റ് പരമാവധിയില്ലാത്ത ഭക്ഷണങ്ങൾ ആണ് അത് കൊണ്ട് നിക്ക് ഇപ്പോൾ കഴിച്ചു വരുന്നത്.എല്ലാത്തരം ഭക്ഷണങ്ങളിലും അല്പം കാർബണുകൾ ഉള്ളതിനാൽ നിക്ക് ആകെ ബുദ്ധിമുട്ടുകയാണ്. എപ്പോഴാണ് ആൽക്കഹോൾ കണ്ടന്റ് കൂടുക എന്ന് നിക്കിന് പോലും അറിയില്ല. അതിനാലിപ്പോൾ നിക്ക് ഒരു ബ്രീത്ത് അനലൈസർ കയ്യിൽ കൊണ്ട് നടക്കുകയാണ്.
“ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന ഞാൻ ചില ഭക്ഷണങ്ങൾ കഴിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ആകെ കിക്ക് ആവും. പിന്നീട് ഞാൻ എന്തൊക്കെയോ സംസാരിക്കും. ഒരേ സ്ഥലത്ത് തന്നെ കറങ്ങി നടക്കും. അപ്പോൾ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് പോലും അറിയില്ല.” നിക്ക് പറയുന്നു. “ഒരിക്കൽ വിക്ടോറിയ സ്പോൻജ് തിന്നാൻ നിക്കിന് കൊതി തോന്നി. ഒരു കഷണം കഴിച്ചു. ഒരാളുടെ ശരീരത്തിന് താങ്ങാവുന്നതിനേക്കാൾ കൂടുതൽ ആൽക്കഹോൾ നിക്കിന്റെ ശരീരത്തിലുണ്ടായി. അന്ന് മരിച്ചു പോവാതിരുന്നത് ഭാഗ്യം എന്നാണ് നിക്ക് പറയുന്നത്.