കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ രൂക്ഷ വിമർശനം, പാര്‍ട്ടിയില്‍ തലമുറമാറ്റം വേണം, നേതൃത്വത്തിന് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയല്ല, ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയാണ് മത്സര രംഗത്ത് വരേണ്ടത്.

പാലക്കാട് / വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മുന്നില്‍ ഗ്രൂപ്പ് തീരുമാനം മാറ്റിവയ്ക്കണമെന്നും, നേതൃത്വത്തിന് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയല്ല, ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയാണ് മത്സര രംഗത്ത് വരേണ്ടതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. പാര്‍ട്ടിയില്‍ ഗ്രൂപ്പ് താല്പര്യത്തേക്കാള്‍ പൊതുതാല്പര്യത്തിന് പ്രാധാന്യം നൽകി, പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ കൊടുത്താലേ പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിക്കൂവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. യുവത്വത്തിന് നല്‍കുന്ന അവസരം പാഴായി പോകുന്നില്ല. പാര്‍ട്ടിയില്‍ തലമുറമാറ്റം വേണം. വിജയസാധ്യതയുള്ള സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിനു വേണമെന്നും കോണ്‍ഗ്രസില്‍ യൂത്ത് മൂവ്‌മെന്റിനു സമയമായെന്നും പറഞ്ഞ ഷാഫി, 67ലെ തോല്‍വിക്ക് ശേഷം യുവത്വത്തിനായി പോരാടിയവര്‍, അവര്‍ക്ക് അധികാരം കിട്ടിയ പ്രായം മറന്നിട്ടുണ്ടാകില്ലെന്നും ഷാഫി ഓർമ്മിപ്പിക്കുന്നു. വിമര്‍ശിക്കുന്നവരെ പാര്‍ട്ടി പോസിറ്റീവായി കാണുമെന്ന് പ്രതീക്ഷിക്കുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കിയ സ്ഥലങ്ങളിലെയും മറ്റിടങ്ങളിലേയും വോട്ടുവ്യത്യാസം താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ട് നേതൃത്വത്തിന് നൽകും. പാര്‍ട്ടിക്കുള്ളില്‍ ഏജ് ഓഡിറ്റ് വേണമെന്നും താഴെ തട്ടില്‍ പുനസംഘടന നടത്തണമെന്നും ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു.