മിന്നല്‍ പ്രളയം; ധര്‍മ്മശാലയില്‍ മേഘ വിസ്‌ഫോടനം; കാറുകള്‍ ഒലിച്ചുപോയി, കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി
സിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘ വിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍ നാശഷ്ടം. പ്രളയത്തില്‍ നിരവധി കാറുകള്‍ ഉള്‍പ്പടെ ഒലിച്ചുപോകുകയും കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. ശക്തമായ മഴയില്‍ മാഞ്ജി നദി കരകവിഞ്ഞൊഴുകുകയും ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകരുകയും ചെയ്തു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും നിലച്ചിരിക്കുകയാണ്. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒഴുകി പോകുന്നതിന്റെയും ഹോട്ടലുകളിലേക്ക് അതിവേഗം വെള്ളം കയറുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച പ്രദേശത്ത് മേഘ വിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായത്. അതേസമയം മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ധര്‍മ്മശാല ജില്ലയിലെ അധികൃതര്‍ ജാഗ്രത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ഭഗ്സു നാഗ് പ്രദേശത്തെ വിനോദ സഞ്ചാര മേഖലഖളില്‍ പ്രളയം കനത്ത നാശം വിതച്ചു. കനത്ത മഴയില്‍ കംഗ്ര ജില്ലയിലും ധര്‍മ്മശാലയില്‍ നിന്ന് 58 കിലോമീറ്റര്‍ അകലെയുമുള്ള പ്രദേശത്തെ ഹോട്ടലുകള്‍ക്കും കനത്ത നാശ നഷ്ടമുണ്ടായി. കാന്‍ഗ്രയ്ക്ക് പുറമെ ഹിമാചല്‍ പ്രദേശിലെ മറ്റ് നിരവധി ജില്ലകളിലും ശക്തമായ മഴയുണ്ടായി. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേരെ കാണാതായതായി ഡെപ്യൂട്ടി കമ്മീഷണര്‍ നിപുന്‍ ജിന്‍ഡാല്‍ പറഞ്ഞു.
ഉത്തരേന്ത്യയിലെ മറ്റ് പല ഭാഗങ്ങളിലും ഞായറാഴ്ച ശക്തമായ മഴ പെയ്തിരുന്നു. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഇടിമിന്നലില്‍ നിരവധി പേര്‍ മരിച്ചു. തെക്കെ ഇന്ത്യയില്‍, തുടര്‍ച്ചയായ മഴ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ തുടരുകയാണ്. സംസ്ഥാനത്തെ അഞ്ച് വടക്കന്‍ ജില്ലകള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഒരു ഗ്രാമത്തില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് എട്ട് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക, കേരളം, മാഹി, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴയാണ് ലഭിക്കുന്നത്. ജൂണ്‍ മാസത്തോടെ ശക്തമായ മഴ ഉത്തരാഖണ്ഡില്‍ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.