ചേർത്തലയിൽ മൂന്നു സ്ത്രീകളെ കാണാതായ കേസ്; അടിമുടി ദുരൂഹത നിറഞ്ഞ സി.എം.സെബാസ്റ്റ്യൻ
മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്. ബ്രോക്കർ ജോലിയും സ്ഥിരം യാത്രകളും. മിക്കപ്പോഴും താമസം ലോഡ്ജുകളിൽ. ദിവസങ്ങൾ കൂടുമ്പോൾ മാത്രം വീട്ടിലേക്ക്. വീടിനോടു ചേർന്ന രണ്ടരയേക്കർ സ്ഥലം കാടുകയറിയ നിലയിൽ. ഇതിനു നടുക്കുള്ള വീട്ടിൽ ദുരൂഹത നിഴലിച്ചു നിൽക്കുന്നു.
വീടിനോട് ചേർന്ന ആഴമുള്ള കുളം. കുളങ്ങളിൽ മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകൾ. നാട്ടിലെ അമ്മാവൻ. ഇതാണ് സെബാസ്റ്റ്യൻ എന്ന കുറ്റാരോപിതന്റെ പശ്ചാത്തലം.
സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ, ജില്ലയിലെ വടക്കൻ മേഖലയിലെ ഒരു സഹകരണ ബാങ്കിൽ നിന്നും 1.25 കോടി രൂപയും മറ്റൊരു ബാങ്കിൽ നിന്നു 40 ലക്ഷം രൂപയും പിൻവലിച്ചതായി കണ്ടെത്തി. ഈ പണത്തിന്റെ ഉറവിടവും പിൻവലിച്ചതിന്റെ ലക്ഷ്യവും ഇപ്പോൾ അന്വേഷണ വിധേയമാണ്.
കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശിയായ വിരമിച്ച ഗവൺമെന്റ് ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുമായി വസ്തു ഇടപാടുകളിലൂടെയാണ് സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി വ്യാജ മുക്ത്യാർ തയ്യാറാക്കി 1.3 കോടി രൂപയ്ക്ക് വിറ്റതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ബിന്ദുവിന്റെ പേരിലുള്ള മറ്റ് വസ്തുക്കളിൽ നിന്നുമുള്ള വരുമാനവും ഇയാൾ കൈപ്പറ്റിയിരുന്നു. ഐഷ കാണാതാകുമ്പോൾ നിറയെ പണവും സ്വർണാഭരണങ്ങളും കൈവശമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിയായ ജെയ്നമ്മ (ജെയ്ൻ മാത്യു–54)യുടെ സ്വർണാഭരണങ്ങളും സെബാസ്റ്റ്യൻ വിറ്റതായി കണ്ടെത്തി. കാണാതായ സ്ത്രീകളിൽ നിന്നു ഇയാൾ എത്രമാത്രം സാമ്പത്തികം കൈവശപ്പെടുത്തിയെന്നറിയാനായി സാമ്പത്തിക ഇടപാടുകൾ ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുന്നുണ്ട്. അയൽവാസികളുടെ മൊഴി പ്രകാരം, 150 പവൻ സ്വർണം കൈവശമുണ്ടെന്നു സെബാസ്റ്റ്യൻ പലരോടും പറഞ്ഞിരുന്നു.
സെബാസ്റ്റ്യൻ സാമ്പത്തിക സഹായം നൽകിയിരുന്ന ചിലരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ജെയ്നമ്മയുടെ കാണാതാകലുമായി ബന്ധപ്പെട്ട്, സെബാസ്റ്റ്യന്റെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ കഞ്ഞിക്കുഴി എസ്എൽപുരം സ്വദേശിയെ കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. 2024 മേയ് 11ന് കണിച്ചുകുളങ്ങരയിൽ യുവ വ്യവസായിയെ കാർ തടഞ്ഞു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൂടിയാണിയാൾ. ദേശീയപാത നിർമാണത്തിനാവശ്യമായ കല്ലും മണലും വിതരണം ചെയ്ത രണ്ട് കരാറുകാർ തമ്മിലുള്ള ലാഭവിഹിത തർക്കമാണ് അന്നത്തെ ഭീഷണിക്കു പിന്നിലെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട്, കരാറുകാരന് 45 ലക്ഷം രൂപ നൽകിയത് സെബാസ്റ്റ്യന്റെ സുഹൃത്താണെന്നും ആ പണത്തിന്റെ ഉറവിടവും അന്വേഷണ വിധേയമാണെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. സെബാസ്റ്റ്യനെതിരെ തെളിവെടുപ്പ് തുടരുകയാണ്. കൂടുതൽ സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയവും അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നു.
Tag: The case of the disappearance of three women in Cherthala; CM Sebastian is filled with deep mystery