ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷനില്‍ കേന്ദ്രം വിശദീകരണം തേടി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതില്‍ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രം. ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ മാധ്യമ വാര്‍ത്തകളില്‍ കൂടിയാണ് അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍, സസ്‌പെന്‍ഷനിലേക്ക് നയിച്ച കാര്യങ്ങള്‍ തുടങ്ങിയവ ഹാജരാക്കണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കേന്ദ്രത്തിനെ മുന്‍കൂറായി അറിയിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ മാത്രം മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യം അറിയിച്ചാല്‍ മതി എന്ന സര്‍വീസ് റൂളും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കത്തിന് ചട്ടപ്രകാരമുള്ള മറുപടി തന്നെ കേന്ദ്രത്തിന് നല്‍കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.