indiaLatest NewsNationalNews

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടന്നുവെന്ന സംശയത്തിൽ കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന കോടികളുടെ പണശേഖരണം വൻ തട്ടിപ്പാണെന്ന സംശയം കേന്ദ്ര സർക്കാരിന് ശക്തമായി ഉയർന്നിട്ടുണ്ട്. നിമിഷപ്രിയയുടെ കുടുംബവുമായി ചർച്ച നടത്തിയതായി അവകാശപ്പെടുന്ന കെ.എ. പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം എന്നിവരുടെ നീക്കങ്ങളാണ് കേന്ദ്രത്തിന്റെ സംശയത്തിന് ഇടവരുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ കോടികളുടെ പണപ്പിരിവിനാണ് ശ്രമമെന്നതാണ് ആരോപണം.

ഇത്തരം പണശേഖരണം തട്ടിപ്പാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടും പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതോടെ നിമിഷപ്രിയയുടെ മോചന നീക്കങ്ങൾ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനേ മാത്രമേ കാര്യക്ഷമ ഇടപെടൽ നടത്താനാകൂവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉൾപ്പെടെയുള്ള പ്രമുഖർ വ്യക്തമാക്കിയിരുന്നു.

വധശിക്ഷ താത്കാലികമായി നീട്ടിയതിന് ശേഷവും തുടർനടപടികൾ അനിശ്ചിതത്വത്തിലാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദിയാധനത്തിനെക്കുറിച്ചുള്ള ഒത്തുതീർപ്പ് നടന്നിട്ടില്ല. ഇതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ. പോൾ രംഗത്തുവന്നത്. ആക്ഷൻ കൗൺസിൽ ശക്തമായി ഇടപെടുമ്പോഴും, നിമിഷപ്രിയയുടെ ഭർത്താവ് ടോമി പോളിന് പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനെ തുടർന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അറിയിച്ചു.

ആക്ഷൻ കൗൺസിലിനെതിരെ നിലപാട് സ്വീകരിച്ച പോൾ, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകളിൽ നിന്ന് കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം തന്നെ നിലകൊള്ളുന്ന സാഹചര്യത്തിൽ, മുന്നോട്ടുപോകേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ.

നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എ. പോൾ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റും പങ്കുവെച്ചിരുന്നു. നിമിഷപ്രിയയെ ഇത്രയും കാലം മോചിപ്പിക്കാത്തതിൽ വിദേശകാര്യമന്ത്രി വിശദീകരണം നൽകണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് നിമിഷപ്രിയയെ മോചിപ്പിക്കാൻ കഴിയാത്തതെന്താണെന്നും പോൾ ചോദ്യം ഉയർത്തി.

നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ കെ.എ. പോൾ വ്യാജ പണപ്പിരിവ് നടത്തുന്നതായി ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് കൗൺസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും കെ.എ. പോൾ തള്ളി.

Tag: The Center government suspects a fraud of crores in connection with the release of Nimisha Priya

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button