ഫയലുകള്‍ നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി, പല ഫയലുകളും കടത്തിയെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടപ്പെട്ടത് സുപ്രധാന ഫയലുകള്‍ അല്ല. രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികൾ അന്വേഷിക്കട്ടെ, ധൃതിപിടിക്കാതെ കാത്തുനിൽക്കുന്നതാണ് നല്ലത്. സെക്രട്ടേറിയറ്റിൽ പാലിക്കേണ്ട സുരക്ഷാകാര്യങ്ങൾ പാലിക്കാതെയാണ് രാഷ്ട്രീയ പ്രവർത്തകർ ഉള്ളിലേക്കു ചാടികയറിയത്. അത് സർക്കാർ ഗൗരവമായി കാണുന്നു,മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. തീപിടിത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തിയെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഓഫീസിലെ ഫയലുകള്‍ നീക്കരുതെന്ന് വിദഗ്ധ സമിതി അറിയിച്ചു. ഇവിടെ മുഴുവന്‍ സമയ പൊലീസ് സുരക്ഷ വേണം, തെളിവെടുപ്പ് പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഡോക്ടര്‍ കൗശികൻ്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തീപിടിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ കത്ത് ഗവര്‍ണര്‍ തുടർ നടപടിയ്ക്കായി മുഖ്യമന്ത്രിക്കാണ് കൈമാറിയിട്ടുള്ളത്.
സെക്രട്ടേറിയറ്റ് തീപ്പിടുത്തത്തില്‍ ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിണ് പിറകെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത് വന്നു. ചില ഫയലുകൾ കത്തിപ്പോയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി സമ്മതിച്ചതാണ് ഇന്നത്തെ വാർത്താസമ്മേളനത്തിന്റെ ഹൈലൈറ്റ്. മന്ത്രിമാർ പറഞ്ഞതിനു വ്യത്യസ്തമായി മുഖ്യമന്ത്രി അക്കാര്യം സമ്മതിച്ചതുവഴി ഒരു മുഴം മുമ്പേ മുഖ്യമന്ത്രി എറിഞ്ഞിരിക്കുന്നു എന്നുവേണം കണക്കാക്കാൻ. ആ ഫയലുകൾ തന്നെയാണ് കത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.