സിബിഐ സെക്രട്ടേറിയറ്റിൽ വരില്ല, ആശ്വാസത്തോടെ മുഖ്യൻ,

തിരുവനന്തപുരം /സിബിഐ സെക്രട്ടേറിയറ്റിലേറ്റിലെത്താതിരിക്കാൻ സംസ്ഥാന സർക്കാരിന് തൽക്കാലം തടയാനായി. ആ ആശ്വാസത്തിൽ ആണ് സർക്കാർ. കോവിഡ് കാര്യങ്ങൾ വിശദീകരിക്കാൻ നടത്താറുള്ള പതിവ് പത്രസമ്മേളന പരിപാടിക്കിടയിൽ സുദീർഘമായ ഒരു ദീർഘ നിശ്വാസത്തോടെ ഹൈക്കോടതി ഉത്തരവിനെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും ഏറെ ആശ്വാത്തോടെ ആയിരുന്നു.
ഹൈക്കോടതിയിൽ നിന്ന് കിട്ടിയ താൽക്കാലിക സ്റ്റേയിൽ സംസ്ഥാന സർക്കാർ ഊറ്റം കൊള്ളുകയാണ്. ലൈഫ് മിഷൻ അന്വേഷണത്തിലെ ഭാഗിക സ്റ്റേയിൽ സർക്കാരും സിപിഎമ്മും ഒരൽപം ആശ്വാസം കാണുമ്പോൾ വിധിയിലെ മറ്റു കാര്യങ്ങൾ ചൂണ്ടിക്കാട്ടി സന്തോഷിക്കാൻ വകയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സർക്കാരിന് ലഭിച്ച നിയമോപദേശവും രാഷ്ട്രീയ തീരുമാനവും ഒക്കെ വീണ്ടും ഒരു തവണ കൂടി പാളിയിരിക്കുകയാണ്.
എഫ്സിആർഎ ലംഘനം ലൈഫ് മിഷനു ബാധകമല്ലെന്നതിനാൽ അന്വേഷണ നടപടികൾ നിർത്തിവയ്ക്കണമെന്ന മിഷൻ സിഇഒയുടെ ആവശ്യം തൽക്കാലം അംഗീകരിക്കുക മാത്രമാണു കോടതി ചെയ്തതെന്നു പ്രതിപക്ഷം പറയുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ യൂണിടാക്–റെഡ് ക്രസന്റ് ഇടപാടിൽ അന്വേഷണം സി ബി ഐ തുടരുകത്തന്നെ ചെയ്യും. അതിന്റെ ഭാഗമായി കിട്ടുന്ന പുതിയ വിവരങ്ങൾ തുടർവാദങ്ങളിൽ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ കേസിന്റെ സ്ഥിതിയും തലകീഴ്മറിയും.
കോടതിയിൽ വാദം തുടരാനും ഒപ്പം കോടതി തുറന്നിട്ട വാതിലിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനും ആണ് സിബിഐ തീരുമാനിച്ചിട്ടുള്ളത്. അന്വേഷണം എങ്ങനെ വേണമെന്നു നിയമ വിദഗ്ധരുമായി സിബിഐ ആലോചിക്കുകയാണ്.
കോടതി എഫ്ഐആർ റദ്ദാക്കിയില്ലെന്നതാണ് സിബിഐക്ക് ആത്മവിശ്വാസം നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സിബിഐ വന്നതിനെതിരായ വാദം കോടതി അംഗീകരിച്ചില്ലെന്നതാണ് ഇതിൽ അവർ കാണുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) 3 (2) വ്യവസ്ഥ പ്രകാരം യൂണിടാക്കിനെതിരെയും ഉടമ സന്തോഷ് ഇൗപ്പനെതിരെയും കേസ് നിലനിൽക്കുമെന്നു കോടതി നിലപാട് എടുത്തതോടെ അന്വേഷണം ദുർബലപ്പെടില്ല എന്ന വിശ്വാസവും സി ബി ഐ ക്കുണ്ട്.